വാഷിംഗ്ടൺ: അയൽവാസിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ഹൃദയം ഉരുളക്കിഴങ്ങ് ചേർത്ത് പാചകം ചെയ്ത് കൊലയാളി. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം നടന്നത്. പാചകം ചെയ്ത ഹൃദയം ബന്ധുക്കൾക്ക് നൽകിയശേഷം അവരെയും കൊന്നു. ബന്ധുക്കളടക്കം മൂന്നുപേരെ കൊലപ്പെടുത്തിയതിന് ലോറൻസ് പോൾ ആൻഡേഴ്സനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ആൻഡേഴ്സൺ കുറ്റം സമ്മതിച്ചു. അയൽവാസിയെ കൊലപ്പെടുത്തിയ ശേഷം ആൻഡേഴ്സൺ അവരുടെ ഹൃദയവുമായി അമ്മാവന്റെ വീട്ടിലെത്തി. അവിടെവച്ച് ഹൃദയം ഉരുളകിഴങ്ങ് ചേർത്ത് പാചകം ചെയ്ത് അമ്മാവനായ ലിയോൺ പൈയ്ക്കും അദ്ദേഹത്തെ ഭാര്യയായ ഡെൽസി പൈയ്ക്കും അവരുടെ കൊച്ചുമകൾക്കും നൽകി. പിന്നീട്, അവരെ ആക്രമിച്ചു. ലിയോണും നാലുവയസുകാരിയായ കൊച്ചുമകളും തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ ഡെൽസി ചികിത്സയിലാണ്. പിശാചുക്കളെ ഒഴിപ്പിക്കുന്നതിനായാണ് ഹൃദയം പാചകം ചെയ്ത് കുടുംബത്തെക്കൊണ്ട് കഴിപ്പിച്ചതെന്നാണ് പ്രതി പറയുന്നത്. ആൻഡേഴ്സൻ ഇതിനുമുമ്പ് നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. 2017ൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ഇയാൾക്ക് 20വർഷത്തെ ജയിൽശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഒക്ലഹോമഗവർണർ ഇടപെട്ട് ശിക്ഷ ഇളവ് ചെയ്ത് നൽകുകയായിരുന്നു.