കോട്ടയം: അധഃസ്ഥിത വിഭാഗത്തിനു വേണ്ടി ശബ്ദമുയർത്തിയ പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരളകൗമുദിയുടെ 110-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.ആർ. നാരായണനെ രാഷ്ട്രപതിയാക്കുന്നതിലടക്കം കേരളകൗമുദി നിർണായക നിലപാടാണ് സ്വീകരിച്ചത്. പത്രാധിപൻമാർ ഒരുപാട് പേരുണ്ടെങ്കിലും പത്രാധിപർ എന്ന് അറിയപ്പെടുന്നത് കെ. സുകുമാരൻ മാത്രമാണ്. അടിച്ചമർത്തപ്പെട്ടവർക്ക് കെ. സുകുമാരന്റെയും കേരളകൗമുദിയുടെയും പ്രവർത്തനങ്ങൾ ആവേശം പകർന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ്ക്ളബ് ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം യൂണിറ്റ്ചീഫ് ആർ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന ഏജന്റുമാരെയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും മന്ത്രി ആദരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രസംഗം നടത്തി. എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ ആശംസ നേർന്നു. പ്രത്യേക ലേഖകൻ വി. ജയകുമാർ സ്വാഗതവും ബ്യൂറോചീഫ് രാഹുൽ ചന്ദ്രശേഖർ നന്ദിയും പറഞ്ഞു.
അഡ്വ. വി.വി. പ്രഭ, ചേർപ്പുങ്കൽ മാർസ്ളീവാ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറും പാലാ രൂപതാ വികാരി ജനറലുമായ മോൺസിഞ്ഞോർ എബ്രഹാം കൊല്ലിത്താനത്തുമലയിൽ, തൃക്കൊടിത്താനം സ്വദേശി ബാബു വൈദ്യർ, പ്രവാസി പൊൻകുന്നം ചിലങ്കയിൽ പി.എസ് മോഹനൻ നായർ, ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രി മേധാവി ഡോ. ജാസർ മുഹമ്മദ് ഇഖ്ബാൽ, ചങ്ങനാശേരി ഗുരുവരം ജൂവലറി ഉടമ രാജേഷ് ആർ. കൈലാസം, വിസിബ് സ്ഥാപകൻ കെ.സി. തങ്കച്ചൻ, രാമപുരം പെരുമ്പ്രായിൽ പി.ആർ. സുകുമാരൻ എന്നിവരാണ് ആദരിക്കപ്പെട്ട സവിശേഷ വ്യക്തികൾ. മുതിർന്ന ഏജന്റുമാരായ എം. രവീന്ദ്രൻ (വൈക്കം), കെ.കെ. മോഹനൻ (കീഴൂർ), ജോസ് അറയ്ക്കൽ (ഇത്തിത്താനം), കെ.കെ. രാമകൃഷ്ണൻ (മുക്കൂട്ടുതറ), പി.ഒ. ജോസഫ് (രാമപുരം), ശിവാനി എം (പള്ളം), പി. രാജശേഖരൻ (കോത്തല), ടി.എൻ. ശശിധരൻ (ഏന്തയാർ), എം.പി. വിജയകുമാർ (നീണ്ടൂർ) , ടി.വി. ദേവസി (ഏറ്റുമാനൂർ), എം.പി. മോഹനൻ (കല്ലറ), പി.എം. വർക്കി (വാഴൂർ), സതീശൻ (കടുത്തുരുത്തി), എം.ജി. മോഹനചന്ദ്രൻ നായർ (തൂക്കുപാലം), കെ.എ. എബ്രഹാം (അരീക്കുഴ) എന്നിവരെയും ആദരിച്ചു.