മലപ്പുറം: രാഹുൽ ഗാന്ധിയെ മുഖ്യപ്രചാരകനാക്കിയാൽ കേരളത്തിൽ കോൺഗ്രസിന്റെ കഥ കഴിയുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. മലപ്പുറത്ത് വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മുക്ത കേരളമാണോ ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ചോദിക്കുന്നവരുണ്ട്. രാഹുൽ അതിന് ശ്രമിക്കുമ്പോൾ ബി.ജെ.പി അദ്ധ്വാനിക്കേണ്ടതില്ല. കോൺഗ്രസിന്റെ കഥ കഴിച്ചിട്ട് ഇവിടെ വന്ന് പറയുകയാണ് തെക്കുള്ളവരാണ് നല്ലതെന്നും വടക്കുള്ളവർ ശരിയല്ലെന്നും. ബ്രിട്ടീഷുകാരെ പോലെ ഭിന്നിപ്പിച്ച് ഭരിച്ച പാരമ്പര്യമാണ് നെഹ്റു മുതൽ രാഹുൽ വരെയുള്ളവർക്ക്. തെക്കുവടക്ക് നടന്ന് കോൺഗ്രസിനെ ഒരു പരുവത്തിലാക്കി. നിയമസഭ തിരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ കേരളത്തിലും ഇതാവർത്തിക്കും. ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനായെങ്കിൽ കേരളത്തിലുമാവും. കമ്മ്യൂണിസ്റ്റ് പാർട്ടി ഇനി ഈ ഒരു തുരുത്തിൽ മാത്രമാണുള്ളത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മാത്രമാണ് വിജയിച്ചത്. അറബിക്കടലിനോട് ഏറ്റവും അടുത്തുനിൽക്കുന്ന മണ്ഡലമാണത്. ഒറ്റ തള്ള് തള്ളിയാൽ ആ പാർട്ടി അറബിക്കടലിൽ പോവും.