തിരുവനന്തപുരം:പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാനുള്ള ഗൂഢശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ ഗൂഢപദ്ധതി പ്രതിപക്ഷം കൈയോടെ പിടികൂടിയതിനാലാണ് നടക്കാതെ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ നടപടികൾക്കെതിരെ പൂന്തുറയിൽ സത്യാഗ്രഹം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കുക, ഇ.എം.സി.സി കരാറിൽ ജൂഡീഷ്യൽ അന്വേഷണം നടത്തുക, 2019 ലെ ഫിഷറീസ് നയത്തിലെ 2(9) വ്യവസ്ഥ നീക്കം ചെയ്യുക, ഇ.എം.സി.സിക്ക് പള്ളിപ്പുറത്ത് നാലേക്കർ ഭൂമി അനുവദിച്ചത് റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് രാവിലെ 9 മണിക്ക് ആരംഭിച്ച സത്യാഗ്രഹം വൈകിട്ട് നാലിന് സമാപിച്ചു.
കേരളത്തിന്റെ മത്സ്യ സമ്പത്ത് അമേരിക്കൻ കുത്തക കമ്പനിക്ക് തീറെഴുതാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. കടലിൽ പോയാൽ മത്സ്യം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പട്ടിണിയും, ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമാണ് അവർ നേരിടേണ്ടി വരുന്നത്. അതിനിടയിലാണ് പിടിക്കുന്ന മത്സ്യത്തിന്റെ അഞ്ച് ശതമാനം കേരള സർക്കാരിന് നൽകണമെന്ന ഓർഡിനൻസ് സർക്കാർ ഇറക്കിയത്. ഇതിന് പുറമെയാണ് അമേരിക്കൻ കുത്തക കമ്പനിയായ ഇ.എം.സി.സിക്ക് കേരളത്തിന്റെ മത്സ്യ സമ്പത്ത് തീറെഴുതാനുള്ള നീക്കം.
മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയതോടെയാണ് 5000 കോടിയുടെ കരാറിന് അരങ്ങൊരുങ്ങിയത്. ഇതിനാണ് ഫിഷറീസ് നയത്തിൽ മാറ്റം വരുത്തിയത്. മീനാകുമാരി കമ്മീഷൻ റിപ്പോർട്ടിൽ 250 പുതിയ യാനങ്ങൾ കടലിൽ ഇറക്കണമെന്ന് പറഞ്ഞപ്പോൾ സർക്കാരും പ്രതിപക്ഷവും മത്സ്യത്തൊഴിലാളി സംഘടനകളും ഒന്നിച്ച് എതിർത്തതാണ്. എന്നിട്ടാണ് 400 ട്രോളറുകൾ ഒന്നിച്ച് ഇറക്കുന്ന ദ്രോഹകരമായ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോയത്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള സ്ഥാപനമാണ് കേരളാ സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ. 5000 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി ഈ സ്ഥാപനം 2950 കോടി രൂപയുടെ ഉപധാരണാപത്രം ഒപ്പ് വച്ചിട്ട് മുഖ്യമന്ത്രി അറഞ്ഞില്ലെങ്കിൽ അദ്ദേഹം ആസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും ചെന്നിത്തല പറഞ്ഞു.