വൈറസും ബാക്ടീരിയയുമൊക്കെ രോഗകാരികളായി പ്രവർത്തിച്ച് ഒരുകൂട്ടം രോഗങ്ങളെയുണ്ടാക്കുന്ന കാലാവസ്ഥയാണ് വേനൽക്കാലം. രോഗാണുക്കൾക്ക് ശരീരത്തിൽ പ്രവേശിക്കാനും കാര്യക്ഷമമായി പ്രവർത്തിക്കാനും സൗകര്യമൊരുക്കിക്കൊടുക്കത്തക്കവിധം അപഥ്യങ്ങൾ ശീലിച്ചാൽ രോഗം ഉണ്ടാകുകതന്നെ ചെയ്യും.
വേനൽചൂടിനെ കുറയ്ക്കുന്ന വിധം പഥ്യങ്ങൾ പാലിച്ച്, ശരീരത്തിനെ തണുപ്പിച്ചു നിർത്തിയാൽ രോഗാണുക്കളുടെ സാമിപ്യമുണ്ടെങ്കിൽപോലും വേനൽക്കാല രോഗങ്ങളെ അകറ്റിനിർത്താനും രോഗ പ്രതിരോധ മെച്ചപ്പെടുത്താനും കഴിയും.
മധുരം, കയ്പ്, ചവർപ്പ് എന്നീ രുചികളുള്ളതും തണുത്തതും തണുപ്പിനെ ഉണ്ടാക്കുന്നതുമായ ആഹാരമാണ് വേനൽക്കാലത്ത് നല്ലത്.
വേനൽക്കാലത്ത് അധികം വിയർക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മാത്രം അല്പം ഉപ്പ് ചേർത്ത പാനീയങ്ങൾ കഴിച്ച് നിർജ്ജലീകരണം തടയാം. ചൂടും പുകച്ചിലും തോന്നുന്നവർക്ക് ഉപ്പും പുളിയും നല്ലതല്ല.
പഴങ്ങളാണെങ്കിൽ പോലും മധുരം ഉള്ളതായിരുന്നാൽ മാത്രമേ ചൂടു കുറയ്ക്കുകയുള്ളൂ. മധുരമുള്ള പഴങ്ങൾ (ഓറഞ്ചും മുന്തിരിയുമായാലും മധുരമുള്ളതു മാത്രം), കുമ്പളങ്ങ, കോവയ്ക്ക, വെള്ളരിക്ക, കാരറ്റ്, ബീറ്റ്റൂട്ട്, അമരയ്ക്ക, പാവയ്ക്ക ,നെല്ലിക്ക, വാഴപ്പിണ്ടി,പടവലങ്ങ, വാഴക്കൂമ്പ്, നറുനീണ്ടി ചേർത്ത പാനീയങ്ങൾ, ചൂടാറ്റിയ പാൽ പ്രത്യേകിച്ച് എരുമപ്പാൽ,തണുപ്പിച്ച പാൽപ്പായസം, നെയ്യ്, പുളിയില്ലാത്ത മോര്, സസ്യാഹാരം തുടങ്ങിയവയാണ് വേനൽക്കാലത്ത് ഉത്തമം. ഇവയിൽ പലതും പച്ചയായും ജ്യൂസ് ആയും പാകപ്പെടുത്തിയും ഉപയോഗിക്കാം. അപ്പോഴും എരിവും പുളിയും ഉപ്പും ചൂടുമുള്ളവ ആകാതിരിക്കാൻ ശ്രദ്ധിക്കണം. ഏറ്റവും എളുപ്പം ദഹിക്കുന്ന വിധത്തിലും ആയിരിക്കണം. ആവിയിൽ പാകംചെയ്യുന്ന പുട്ട്, ഇടിയപ്പം തുടങ്ങിയവ എളുപ്പം ദഹിക്കുന്നവയാണ്.
തണുപ്പ് ആഗ്രഹിക്കുന്നവർ ചൂടാക്കി തണുപ്പിച്ചതും എരിവ് വേണ്ടവർ ഇഞ്ചിയോ,കുരുമാറ്റിയ പച്ചമുളകോ ചേർത്തത് ഉപയോഗിച്ചും തൃപ്തിപ്പെടുക.
ഭക്ഷണം അസമയത്തും അനവസരത്തിലും അധികവുമാകാതെ ശ്രദ്ധിക്കണം. വെള്ളം കുടിക്കുന്നതും അധികമാകരുത്. ഒരേ സമയത്ത് തന്നെ ഗ്ലാസ് കണക്കിന് വെള്ളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ചും ഭക്ഷണത്തോടൊപ്പം. ദഹനത്തെ സഹായിക്കുന്ന പാനീയങ്ങൾ അൽപമായി കുടിക്കണം.
ശരീരത്തെ തണുപ്പിക്കുന്ന പതിമുകം, രാമച്ചം, നറുനീണ്ടി, ചന്ദനം ഇവയിട്ട് തിളപ്പിച്ചാറിയ വെള്ളം മൂന്ന് കവിൾ അളവിലും (ഏകദേശം 100 മില്ലി) കുടിക്കാം. ഇടയ്ക്കിടെ വെള്ളം കുടിക്കുക, ആവശ്യമായത്രയും അളവിൽ. എന്നാൽ, അത് പല തവണകളായി വേണമെന്നുമാത്രം.
കൂജയിൽവച്ച ശുദ്ധജലവും സിറപ്പ് രൂപത്തിൽ തയ്യാറാക്കിയതും നന്നായി നേർപ്പിച്ചും പുളിക്കാത്തതുമായ മോര് വെണ്ണ മാറ്റി ഇരട്ടി വെള്ളം ചേർത്തും ഉപയോഗിക്കാം. പ്രകൃതിദത്തപാനീയങ്ങൾ മാത്രം കുടിക്കുക. കരിക്കിൻ വെള്ളമോ, മധുരം ചേർത്ത നാരങ്ങാ വെള്ളമോ, ജ്യൂസുകളോ ഇടയ്ക്കിടെ കുടിക്കണം. മധുരത്തിനായി പഞ്ചസാരയോ, തേനോ, മറ്റ് കൃത്രിമ വസ്തുക്കളോ ചേർക്കാതിരിക്കുന്നത് നല്ലത്. വെറും വയറ്റിൽ ശുദ്ധജലം മാത്രം ഉപയോഗിക്കുക.
കുളിക്കാൻ തണുത്തവെള്ളമാണ് നല്ലത്. വെയിൽ കൊള്ളാതെയും വിയർക്കാതെയും ഇരിക്കണം. വിയർത്താലുടനെതന്നെ ഫാനിന്റെ നേരെ ഇരിക്കുന്നതും എ.സിയിൽ നിന്ന് ഇടയ്ക്കിടെ വെളിയിലേക്കും പിന്നെ തിരികെവരുന്നതും ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ശതാവരി കിഴങ്ങ് പാലിൽ കാച്ചി കുടിക്കുന്നതും കൊത്തമല്ലിയിട്ട് ഒരു രാത്രി വച്ചിരുന്ന കഞ്ഞി വെള്ളം കുടിക്കുന്നതും കരിക്കിൻവെള്ളത്തിൽ ഏലക്ക ചതച്ചു ചേർത്ത് കുടിക്കുന്നതും ചില ലേഹ്യങ്ങളും ചിലതരം അരിഷ്ടങ്ങളും കഷായവും എണ്ണ തേയ്ക്കലും വയറിളക്കുന്ന തരത്തിലുള്ള ചികിത്സകളും ശരീരം തണുപ്പിക്കുന്നതിന് പ്രയോജനം ചെയ്യും.
രാവിലെ 11 മുതൽ വൈകിട്ട് 3 മണി വരെയുള്ള വെയിലേൽക്കുന്നത് ഒഴിവാക്കണം.