തിരുവനന്തപുരം: പത്തിരുപത് വർഷങ്ങൾക്ക് മുൻപാണ്, തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ പയ്യന്നൂർ സ്വദേശിയും സിനിമാ പ്രവർത്തകനുമായ സതീഷ് പൊതുവാളും മകൻ അഞ്ച് വയസുകാരൻ ഗണപതിയും ബൈക്കിൽ ഡി.പി.ഐ ജംഗ്ഷനിൽ നിന്ന് ബേക്കറി ജംഗ്ഷനിലേക്ക് പോകുന്നു. അവിടൊരു ജംഗ്ഷന് സമീപത്തുള്ള പച്ചക്കറികടയുടെ മുന്നിൽ ഒരു കൈ സഞ്ചിയുമായി കവി വിഷ്ണുനാരായണൻ നമ്പൂതിരി നിൽക്കുന്നുണ്ട്. സതീഷിന് ഏറെ പ്രിയപ്പെട്ട കവിയാണ് അദ്ദേഹം. മാദ്ധ്യമപ്രവർത്തകനായ അച്ഛന്റെ ശേഖരത്തിൽ നിന്ന് നന്നേ ചെറുപ്പത്തിൽ തന്നെ കവിയുടെ കൃതികൾ വായിച്ചിരുന്നു. ആ ആരാധനയുടെ പ്രതിഫലനമെന്നോണം കവിതകളിൽ പലതും ഹൃദ്യസ്ഥവുമാണ്. മുൻപും തിരുവനന്തപുരത്തിന്റെ വിവിധയിടങ്ങളിൽ വച്ച് കവിയെ നിരവധി തവണ നേരിൽ കണ്ടിട്ടുണ്ടെങ്കിലും പോയി സംസാരിക്കാൻ ധൈര്യം സമ്മതിച്ചില്ല.
ഇത്തവണയും കവിയെ പരിചയപ്പെടാതെ പോകാൻ മനസനുവദിച്ചില്ല. മകന്റെ കയ്യിൽ പിടിച്ച് നേരെ കവിയുടെ മുന്നിൽ ചെന്നുനിന്നു, ഒറ്റവാക്കിൽ പരിചയപ്പെടുത്തി, മകനെ അനുഗ്രഹിക്കണമെന്നും പറഞ്ഞു. നന്നായി വരട്ടെയെന്നായി കവി. യാത്ര പറയാനൊരുങ്ങിയ കവിക്ക് മുന്നിൽ താൻ പറയുന്നതൊന്ന് കേൾക്കണം എന്ന് സതീഷ് അഭ്യർത്ഥിച്ചു. എന്താണ് സംഗതിയെന്ന് കവി. പിന്നെ ഒട്ടും അമാന്തിച്ചില്ല, ആ നട്ടുച്ചവെയിലിൽ തിരക്കിട്ട വഴിയോരത്തുവച്ച് കവിയുടെ 'ഗംഗാനാരായണൻ' എന്ന കവിത ഒറ്റശ്വാസത്തിൽ ചൊല്ലി. സാമാന്യം ദൈർഘ്യമുള്ള കവിത നിർത്താതെ ചൊല്ലുന്ന അപരിചിതനെ കണ്ട് കവിയുടെ കണ്ണും മിഴിഞ്ഞു. കൈയ്യിൽ പച്ചക്കറി സഞ്ചിയും പിടിച്ച് സതീഷ് ചൊല്ലുന്നത് കവി കേട്ടിരുന്നു. താൻ പോലും മറന്ന വരികൾ എങ്ങനെ ഓർത്തുചൊല്ലുന്നു എന്ന് ചോദിച്ച് കണ്ണ് നിറച്ചു. ആരാധകന്റെ ആവശ്യം അവസാനിച്ചിരുന്നില്ല. കവിത ചൊല്ലിപൂർത്തിയാക്കിയ ശേഷം കവിയുടെ കൈ പിടിച്ച് സതീഷ് പറഞ്ഞു, 'ഗംഗാനാരായണൻ എന്റെ തന്നെ കഥയാണ്. എനിക്ക് ജീവിതത്തോട് വാശി തോന്നിപ്പിച്ചത് ഈ വരികളാണ്. ഈ കവിതകളെല്ലാം ചേർത്ത് ഒരു പുസ്തകമാക്കണം'. മടി പറഞ്ഞ കവിയോട് എഴുതിയേപറ്റൂവെന്ന് വാശി പിടിച്ചു.
അന്ന് വഴിയിൽ കണ്ട അപരിചിതനുവേണ്ടിയാണ് 'ഉത്തരായനം' എന്ന കവിതാസമാഹാരം വിഷ്ണുനാരായണൻ നമ്പൂതിരി പൂർത്തിയാക്കിയത്. പുസ്തകത്തിന്റെ ആമുഖത്തിൽ സംഭവത്തെപ്പറ്റി കവി പരാമർശിക്കുകയും ചെയ്തു. പുസ്തകത്തിൽ സ്നേഹാക്ഷരങ്ങൾ കുറിച്ച് സതീഷിന് സമ്മാനിച്ചു. അതിൽകവിഞ്ഞ ബഹുമതിയൊന്നും വേണ്ടിയിരുന്നില്ല. സതീഷിനും. അതോടെ സൗഹൃദം ശക്തമായി. ആരാധിച്ചിരുന്ന മനുഷ്യൻ സുഹൃത്തായി മാറി. കവിയയച്ച കത്തുകളിൽ പലതും നഷ്ടപ്പെട്ടുപോയ സങ്കടവും സതീഷിനുണ്ട്. അടുത്തകാലത്തും കവിയെ വീട്ടിൽ പോയി കാണാറുണ്ടായിരുന്നു. അന്നത്തെ ബാലൻ ഗണപതിക്കും കവിയുടെ അനുഗ്രഹം ആവോളം ലഭിച്ചു. ബാലതാരമായി സിനിമയിലെത്തിയ ഗണപതി ഇപ്പോൾ സിനിമാലോകത്ത് സുപരിചിതനാണ്, മലയാളികളുടെ പ്രിയ നടൻ.
സംസ്കാരം ഉച്ചയ്ക്ക്
ഇന്നലെ അന്തരിച്ച വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സംസ്കാരം ഉച്ചയ്ക്ക് 2ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ഭൗതികശരീരം രാവിലെ 8 മുതൽ 12 വരെ തൈക്കാട് ഭാരത്ഭവനിൽ പൊതുദർശനത്തിനുവച്ചു. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പേർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.