കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്ന പഴഞ്ചൊല്ല് കേൾക്കാത്തവരുണ്ടാകില്ല. ഏക്കർ കണക്കിന് മുന്തിരിത്തോപ്പുകളാണ് തമിഴ്നാട്ടിലെ മധുരൻ തേനിൻ കമ്പം തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളത്.പാവലും പടവലവും പോലെ പന്തലിട്ട് വളർത്തുന്ന മുന്തിരിത്തോപ്പുകളിലൂടെയുള്ള യാത്ര മനോഹരമായ ഒരു കാഴ്ച തന്നെയാണ്. എന്നാൽ കായ് വരുമ്പോൾ മുതൽ പഴങ്ങളായി പാകമാകും വരെ അതിലുള്ള വിഷപ്രയോഗം ഒട്ടും സഹിക്കാൻ പറ്റുന്നതല്ല. എങ്കിലും രസകരമായ ഒരു കാര്യമുണ്ട് . മുന്തിരിങ്ങ വാങ്ങാനായി തമിഴ്നാട്ടിലെ കടകളിൽ ചെന്ന് മുന്തിരി ചോദിച്ചാൽ അവർ തരുന്നത് പറങ്കിയണ്ടിയായിരിക്കും. പറങ്കിയണ്ടിക്കു തമിഴിൽ മുന്തിരി എന്നാണു പറയുക. എന്നാൽ നമ്മൾ പറയുന്ന മുന്തിരിക്കു ദ്രാക്ഷാ എന്നാണു അവര് പറയുന്നത്.
കുരു ഉള്ളതും ഇല്ലാത്തതും ആയ പച്ച നിറത്തിലെയും വയലറ്റ് നിറങ്ങളിലെയും മുന്തിരിങ്ങ എല്ലാവരും കണ്ടിട്ടുണ്ടാവും എന്നാൽ ഉള്ളിൽ ജീവന്റെ തുടിപ്പുള്ള മുന്തിരിങ്ങ കണ്ടിട്ടുണ്ടോ? സാധാരണ മുന്തിരിങ്ങ എന്നുപറയുമ്പോൾ അതിന്റെ ഏകദേശവലിപ്പം എല്ലാവർക്കും അറിയാമല്ലോ. ഇത് അത്രത്തോളം പോയിട്ട് അതിലെ കുരുവിന്റെ വലിപ്പം പോലുമല്ലാത്ത സംഗതിയാണ്. കാണാൻതന്നെ സൂക്ഷിച്ചു നോക്കണം. അതുപോലെ കുലകളായിട്ടല്ല ഇത് കണ്ടത്. സാധാരണ മണൽത്തരിയോളം മാത്രം വലിപ്പമുള്ള തീരെ ഭാരംകുറഞ്ഞ വയലെറ്റ് നിറമുള്ള ചെറിയ കൂനകളായിട്ടാണ് കാണപ്പെടുന്നത്. വലിയ കാറ്റുവേണ്ട ചെറുതായി ഊതിയാൽ തന്നെ പൊടിപടലം പോലെ പറന്നുപോകും.
ഇനി ഇത് എന്താണെന്നും എങ്ങനെ എടുത്തു എന്നും പറയാം. ഞാൻ രാവിലെ സ്റ്റുഡിയോ വരാന്തയിലെത്തിയപ്പോൾ അവിടെ നിറമില്ലാത്ത ഒരു ശലഭത്തെ കുറച്ചു അവശനിലയിൽ കണ്ടു. അടുത്തുചെന്നപ്പോൾ അത് ഒരു നിശാശലഭമാണെന്നു മനസിലായി. മാത്രമല്ല അത് രണ്ടുമൂന്നു സ്ഥലങ്ങളിൽ മാറിമാറിയിരുന്നു മുട്ടയിടുകയാണെന്ന കാര്യവും ശ്രദ്ധയിൽപ്പെട്ടു. കുറച്ചുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ വയലറ്റ് നിറത്തിലെ കുഞ്ഞുമുട്ടകളുടെ ചെറിയ കൂനകളാണവ. വേഗം കാമറ എടുത്തുവന്നു അതിസൂഷ്മമായ ഈ കൂനയുടെ ഒന്നുരണ്ട് മാക്രോ ഫോട്ടോകൾ എടുത്തുപോന്നു. കമ്പ്യൂട്ടർ മോണിറ്ററിൽ അത് ഡൗൺലോഡ് ചെയ്തു കണ്ടപ്പോൾ അതിശയം തോന്നി. ശരിക്കും നീല കലർന്ന വയലറ്റ് നിറത്തിൽ മുന്തിരിങ്ങ കൂനപോലെ തന്നെ തോന്നി. അതിലെ ഒരു ഷോട്ടാണ് ഇത്. കാണുന്നവർക്കും അതെ ഫീൽ ഉണ്ടാകുമെന്നു കരുതുന്നു.