വർഷങ്ങളായി മലയാളികൾക്ക് പരിചിതമുഖമാണ് നടൻ രാജേന്ദ്രന്റേത്. നാടകത്തിലും സിനിമയിലും സീരിയലിലും ഒരുപോലെ സജീവം. ഇപ്പോഴിതാ, സംഗീത നാടക അക്കാഡമിയുടെ അവാർഡും രാജേന്ദ്രനെ തേടിയെത്തിയിരിക്കുകയാണ്. അദ്ദേഹം സംസാരിക്കുന്നു.
''നല്ല സന്തോഷത്തിലാണ്. ഈ അവാർഡ് വൈകിപ്പോയോ എന്ന് ചോദിക്കുന്നവരുണ്ട്. വ്യക്തിപരമായി എനിക്ക് അവാർഡ് കിട്ടിയില്ല എന്നേയുള്ളൂ. പക്ഷേ, കാളിദാസ കലാകേന്ദ്രയ്ക്ക് നിരവധി അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. എന്തായാലും എന്നെ തേടി അവാർഡ് വന്നതിൽ സന്തോഷമുണ്ട്. പുരസ്കാരങ്ങൾ എപ്പോഴും മുന്നോട്ടുള്ള യാത്രയ്ക്കുള്ള ഊർജം തന്നെയാണ്. " രാജേന്ദ്രൻ സംസാരിച്ചു തുടങ്ങി.
തിരക്കുകൾക്ക് നടുവിലാണ്
നാടകത്തിൽ നിന്നാണ് എന്റെ കലാപ്രവർത്തനങ്ങൾ തുടങ്ങുന്നത്. പലരും ഞാനൊരു സിനിമാനടനാണെന്നാണ് കരുതുന്നത്. പക്ഷേ, യഥാർത്ഥത്തിൽ ഞാനൊരു നാടകക്കാരനാണ്. അതോടൊപ്പം തന്നെ, സിനിമ-സീരിയൽ, രാഷ്ട്രീയം, കൃഷി ഒക്കെ കൂടെയുണ്ട്. സി.പി.ഐയിൽ കഴിഞ്ഞ 29 വർഷമായി പ്രവർത്തിക്കുന്നു. കൃഷിയൊക്കെ സ്വന്തം നാട്ടിലാണ്, തൃശൂര് വാടാനപ്പള്ളിയിൽ. അവിടെ 4000 വാഴകൾ നട്ടിട്ടുണ്ട്. അതിന്റെ വിളവെടുപ്പ് സമയമായി. പാരമ്പര്യമായി കർഷക കുടുംബമാണ് ഞങ്ങളുടേത്, ഒപ്പം കലാകുടുംബവുമാണ്. പിന്നെ, സിനിമയിലും സീരിയലിലും നല്ല അവസരങ്ങൾ കിട്ടുമ്പോൾ അഭിനയിക്കുന്നുണ്ട്. അങ്ങനെ തിരക്കുകൾക്ക് നടുവിലാണ് ജീവിതം.
നാടകമാണ് അടിത്തറ
വീട്ടിലെല്ലാവരും കലാരംഗവുമായി അടുത്ത് നിൽക്കുന്നവരാണ്. അതുകൊണ്ടാകാം ചെറുപ്പം മുതലേ എന്റെ ഉള്ളിലും കല കയറിക്കൂടിയത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ നാടകങ്ങളുമായി കൂട്ടായി. അക്കാലത്ത് സാഹിത്യസമാജത്തിൽ ചെറിയ ചെറിയ നാടകങ്ങളൊക്കെ അവതരിപ്പിച്ചിരുന്നു. നാട്ടിക എസ്.എൻ കോളേജിൽ എത്തിയതോടെ നാടകത്തിലും രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായി. ബി.എസ് സി സുവോളജിയായിരുന്നു പഠിച്ചത്. അവിടെ നിന്നാണ് നേരെ സ്കൂൾ ഓഫ് ഡ്രാമയിലെത്തുന്നത്. എന്റെ നാടകമോഹം അറിയാവുന്ന ബന്ധു വഴിയാണ് അപേക്ഷിക്കുന്നത്. അവിടെ എനിക്ക് അഡ്മിഷൻ കിട്ടുമെന്ന് ഒരാളും വിചാരിച്ചില്ല. ഇന്റർവ്യൂവിന് പങ്കെടുത്തവരിൽ ഞാനായിരുന്നു ചെറുത്, പ്രായം 18. ആ ഇന്റർവ്യൂ വലിയ അനുഭവമായിരുന്നു. എന്തായാലും അത് ഭംഗിയായി നടന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും ജോയിൻ ചെയ്യാനുള്ള അറിയിപ്പ് ലഭിച്ചു. അതോടെ അമ്മയാകെ കരച്ചിലും ബഹളവുമായി. അക്കാലത്ത് അധികം പേർക്കും കിട്ടാത്ത അവസരമാണ് എനിക്ക് ലഭിച്ചത്. പിന്നെ, ഒരു വിധത്തിൽ അമ്മയെ പറഞ്ഞ് സമാധാനിപ്പിച്ചു. ആ അനുഭവം ജീവിതത്തിലെ വലിയ മുതൽക്കൂട്ടായി. അവിടെ നിന്നും ഒന്നാം റാങ്കോടെ പാസായ ശേഷം പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും ചേർന്നു. അവിടെ ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷനിലായിരുന്നു പഠനം.
അങ്ങനെ അമരക്കാരനായി
പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് സന്ധ്യയെ (ഒ. മാധവന്റെ മകളും നടൻ മുകേഷിന്റെ സഹോദരിയും) പരിചയപ്പെടുന്നത്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്നു സന്ധ്യ. സൗഹൃദം പിന്നീട് പ്രണയമായി വിവാഹത്തിലെത്തി. അങ്ങനെ കാളിദാസകലാകേന്ദ്രത്തിന്റെ ഭാഗമായി. നാടകകൃത്തായ ജോസ് ചിറമ്മലിനെ കൊണ്ട് ഒരു റഷ്യൻ നോവൽ നാടകമാക്കി, 'റെയിൻബോ". ഏറെ ശ്രദ്ധിക്കപ്പെട്ട നാടകമായിരുന്നു. 1987ൽ മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും ഈ നാടകം നേടി. അധികം വൈകാതെ കാളിദാസ കലാകേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തു. ജോസ് ചിറമ്മേൽ, പി. ബാലചന്ദ്രൻ അങ്ങനെ പ്രഗത്ഭരായ പുതിയ കുറേ ആൾക്കാരെ കൊണ്ടുവരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. 29 നാടകങ്ങൾ ഇതുവരെ എനിക്ക് സംവിധാനം ചെയ്യാൻ പറ്റി. ഇതിൽ 28 ഉം കാളിദാസ കലാകേന്ദ്രത്തിനും ഒരു നാടകം കെ.പി.എ.സിക്കും വേണ്ടിയായിരുന്നു.
കളിയാട്ടത്തിലൂടെ തുടക്കം
സിനിമയിലേക്കുള്ള പ്രവേശനവും പ്രതീക്ഷിച്ചിരുന്നില്ല. ജയരാജിന്റെ 'കളിയാട്ട"ത്തിലാണ് ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യുന്നത്. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ ആളെന്ന നിലയിലാണ് ജയരാജ് ആ കഥയെക്കുറിച്ച് ചർച്ചചെയ്യാൻ വിളിക്കുന്നത്. ഞങ്ങൾ രണ്ടാളും കൂടി മൂന്ന് നാല് ദിവസമിരുന്ന് നന്നായി സംസാരിച്ചിരുന്നു. ഒടുവിൽ ഷൂട്ട് തുടങ്ങാൻ സമയമാണ് ജയരാജ് എന്നോട് ചേട്ടന് ഇതിലൊരു വേഷമുണ്ട് ചെയ്യണമെന്ന് പറയുന്നത്. എന്തായാലും അത് ശ്രദ്ധിക്കപ്പെട്ടു. പിന്നീടെനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളായി. എല്ലാം വ്യത്യസ്തങ്ങളായ വേഷങ്ങൾ. വില്ലനായും ഹാസ്യനടനായും പാവം കഥാപാത്രമായുമൊക്കെ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി. കൂട്ടത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യം മലയാളത്തിലെ മികച്ച സംവിധായകർക്കൊപ്പമെല്ലാം വർക്ക് ചെയ്യാൻ പറ്റിയെന്നതാണ്. പ്രണയവർണ്ണങ്ങൾ, പട്ടാഭിഷേകം, നരസിംഹം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മീശമാധവൻ, പൊറിഞ്ചു മറിയംജോസ് ഒക്കെ പ്രിയപ്പെട്ട സിനിമകളാണ്.
സിനിമയും നാടകവും കൂടെയുണ്ട്
സിനിമയാണോ നാടകമാണോ പ്രിയമെന്ന് ചോദിച്ചാൽ രണ്ടിനോടും ഇഷ്ടമാണെന്ന് പറയേണ്ടി വരും. നമ്മുടെ നാട്ടിൽ സിനിമാതാരത്തിന് കിട്ടുന്ന വില നാടകപ്രവർത്തകന് കിട്ടാറില്ല. അതേസമയം, വടക്കൻ സംസ്ഥാനങ്ങളിലേക്ക് പോയാൽ അവിടെ നാടകക്കാർക്കൊക്കെ വലിയ വിലയാണ്. നാടകം വളരെ തീക്ഷണമായ ഒന്നാണ്, തിരശീല ഉയർന്നാൽ പിന്നെ അവിടെ റീടേക്കുകളില്ല. എന്നാൽ, സിനിമയിൽ നമുക്ക് എത്രവട്ടം വേണമെങ്കിലും ടേക്കെടുത്ത് ശരിയാക്കാം. നാടകത്തിൽ നന്നായി പഠിച്ച്, അത്രയും പെർഫെക്ടായി വേണം സ്റ്റേജിൽ കയറാൻ. എനിക്ക് ഇത് രണ്ടും സന്തോഷം തന്നെയാണ്. രണ്ടിലും ഒരുപോലെ സജീവമായി നിൽക്കാൻ തന്നെയാണ് തീരുമാനം. ഷൂട്ട് കഴിഞ്ഞ് റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളുണ്ട്. കൊവിഡ് പ്രതിസന്ധി മാറുന്നതോടെ അതെല്ലാം തീയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ. മകൻ ദിവ്യദർശനും അഭിനയരംഗത്തുള്ളത് മറ്റൊരു സന്തോഷം.