ആസിഫ് അലിയുടെയും ടൊവിനോ തോമസിന്റെയും നായികയായും കല്യാണി പ്രിയദർശൻ എത്തുന്നു
മലയാളത്തിൽ പൂർണമായി ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് കല്യാണി പ്രിയദർശൻ. ഈ വർഷം നാലു ചിത്രങ്ങളിൽ കൂടി കല്യാണി നായികയായി എത്തുന്നു. ടൊവിനോ തോമസിന്റെ നായികയായി തല്ലുമാല, ആസിഫ് അലിയുടെ നായികയായി മഹേഷും മാരുതിയും എന്നീ ചിത്രങ്ങൾക്ക് പുറമേ രണ്ടു നവാഗത സംവിധായകരുടെ സിനിമയിലും അഭിനയിക്കാൻ ഒരുങ്ങുന്നു. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഹൃദയം എന്ന ചിത്രത്തിലാണ് മലയാളത്തിൽ കല്യാണി ഒടുവിൽ അഭിനയിച്ചത്. പ്രണവ് മോഹൻലാലാണ് ഹൃദയത്തിലെ നായകൻ.
ഈ ചിത്രത്തിലെ രണ്ട് ഗാനരംഗ ചിത്രീകരണം അവശേഷിക്കുന്നുണ്ട്.ഒരുകാലത്ത് മലയാളത്തിൽ നായികയായി നിറഞ്ഞുനിന്ന ലിസിയെ പോലെ മകൾ കല്യാണിയും ഇവിടെ ശക്തമായി ചുവടുറപ്പിക്കുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. ദുൽഖർ സൽമാന്റെ നായികയായി അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ഒറ്റ ചിത്രം മാത്രമാണ് മലയാളത്തിൽ കല്യാണിയുടേതായി റിലീസ് ചെയ്തിട്ടുള്ളൂ. ആദ്യ ചിത്രത്തിലൂടെ തന്നെ കല്യാണി പ്രേക്ഷകരുടെ സ് നേഹം പിടിച്ചുപറ്റി. ഈ ചിത്രത്തിൽ ശോഭനയുടെ മകളുടെ വേഷത്തിലാണ് കല്യാണി എത്തിയത്. മികച്ച അമ്മയും മകളുമായി പ്രേക്ഷകനും തോന്നി. ''അമ്മ കൂടെ നിൽക്കുന്നതുപോലെ തോന്നി. സിനിമയാണെന്നു പോലും മറന്നു പോയ നിമിഷം. ഇത്തരം ബന്ധം ഉള്ളവരുടെ കൂടെ അഭിനയിച്ചുകൊണ്ട് മലയാളത്തിലേക്ക് വരാനായത് എന്റെ ഭാഗ്യമാണെന്ന് കല്യാണി പറയുന്നു. പ്രിയദർശന്റെ ഏറ്റവും വലിയ ആഗ്രഹം മകൾ സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ മലയാളത്തിൽ എത്തണമെന്നായിരുന്നു.
സത്യൻ അന്തിക്കാട് നല്ല ഗുരുവായിരിക്കുമെന്ന് കല്യാണിയോട് പ്രിയദർശൻ പറയുമായിരുന്നു. പ്രിയദർശൻ ഇതുപോലെ സ് നേഹത്തോടെയും ബഹുമാനത്തോടെയും ഒരാളെക്കുറിച്ചും സംസാരിക്കുന്നത് കല്യാണി കേട്ടിട്ടില്ല. സത്യൻ അങ്കിളിന്റെ മകൻ അനൂപ് എന്നെ അന്വേഷിച്ചപ്പോൾ അച്ഛൻ പറഞ്ഞു ഇതാണ് ദൈവനിശ്ചയമെന്ന്. സത്യൻ അങ്കിളിന്റെ മകനെന്ന് കേട്ടപ്പോൾ അമ്മയ്ക്ക് സന്തോഷമായി. മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ അച്ഛന്റെ സിനിമയിലും കല്യാണി അഭിനയിച്ചു. ഒാണം റിലീസായാണ് മരക്കാർ എത്തുന്നത്.
ന്യൂയോർക്കിലെ പഠനശേഷമാണ് കല്യാണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. വിക്രവും നയൻതാരയും മുഖ്യവേഷത്തിൽ എത്തിയ ഇരുമുകനിൽ ആനന്ദ് ശങ്കറിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു. കാമറയുടെ പിന്നിൽ പ്രവർത്തിക്കാനാണ് പ്രിയദർശന്റെയും ലിസിയുടെയും മകൾക്ക് താത്പര്യമെന്ന് അപ്പോൾ പ്രേക്ഷകർ ഉറപ്പിച്ചു. എന്നാൽ വിക്രംകുമാർ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി എത്തി. ഹലോ വലിയ വിജയം നേടി. ചിത്രാഞ്ജലി, രണരങ്കം എന്നീ ചിത്രങ്ങളിലും തെലുങ്കിൽ കല്യാണി നായികയായി അഭിനയിച്ചു.ശിവകാർത്തികേയന്റെ നായികയായി എത്തിയ ഹലോ ആണ് തമിഴിൽ ആദ്യ ചിത്രം. വിക്രംപ്രഭു സംവിധാനം ചെയ്ത മനാട് എന്ന ചിത്രത്തിൽ ചിലമ്പരശന്റെ നായികയായി കല്യാണി. തമിഴിൽ പുതിയ ചിത്രങ്ങൾ കല്യാണി കമ്മിറ്റ് ചെയ്തിട്ടില്ല. അതേസമയം മലയാളത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.