വാഷിംഗ്ടൺ: ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സിറിയയിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണങ്ങൾ നടത്തി അമേരിക്ക. ആക്രമണത്തിൽ 22 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റായ ശേഷം ജോ ബൈഡൻ അനുമതി നൽകിയ ആദ്യ സൈനിക ആക്രമണമാണിത്. സിറിയയിൽ ഇറാന്റെ പിന്തുണയോടെ കറ്റായിബ് ഹിസ്ബുള്ള (കെ.എ.ച്ച്), കറ്റായിബ് സയ്യിദ് അൽ ഷുഹാദ എന്നിങ്ങനെ നിരവധി ഭീകര ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ആക്രമണത്തിൽ ഒന്നിലധികം കേന്ദ്രങ്ങൾ അമേരിക്കൻ സൈന്യം തകർത്തു.2020 ഫെബ്രുവരിയിൽ ഇറാക്കിലെ കുർദിഷ് മേഖലയിലെ എർബിലിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ സൈനിക ക്യാംപിന് നേരെ ഈ ഭീകര സംഘടനകൾ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റിരുന്നു. ഇതിനുളള തിരിച്ചടിയായിട്ടാണ് അമേരിക്കയുടെ വ്യോമാക്രമണം.