രോഗി ചമഞ്ഞ് കാര്യസ്ഥൻ, ശാരീരിക അവശതകളുണ്ടെന്ന്
തിരുവനന്തപുരം: കൂടത്തിൽ തറവാട്ടിലെ ജയമാധവൻനായരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ കൊലപാതകക്കുറ്റം ചുമത്തിയതോടെ കാര്യസ്ഥനെയും കൂട്ടാളികളെയും 'ഇ" ചോദ്യമുറിയിലെത്തിച്ച് ശാസ്ത്രീയമായി ചോദ്യം ചെയ്യും. കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണങ്ങളെ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ടീമുകളായി തിരിഞ്ഞാണ് അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യുക. കൂടത്തിൽ തറവാട്ടിലെ ഏഴ് ദുരൂഹ മരണങ്ങളിൽ ഏറ്റവും ഒടുവിൽ നടന്ന ജയമാധവൻനായരുടെ മരണവുമായി ബന്ധപ്പെട്ടാകും ആദ്യ ചോദ്യം ചെയ്യൽ.
ജയമാധവൻനായരുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് ലഭിച്ച ചില സൂചനകളുടെയും അന്വേഷണ സംഘത്തിന്റെ അനുമാനങ്ങളുടെയും അടിസ്ഥാനത്തിൽ സത്യം പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യം. ഇതിനായി ചോദ്യാവലി പൊലീസ് തയ്യാറാക്കും.കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിപ്പും ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് പരാതിക്കാരായ പ്രസന്നകുമാരി, കാലടി സ്വദേശിയും പൊതുപ്രവർത്തകനുമായ അനിൽകുമാർ എന്നിവരുടെ മൊഴികൾ വിശദമായി പരിശോധിച്ചശേഷം അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡെപ്യൂട്ടി കമ്മിഷണർ ഡോ. ദിവ്യ ഗോപിനാഥിന്റെ മേൽനോട്ടത്തിലാണ് ചോദ്യാവലി തയ്യാറാക്കുന്നത്. 2017 ഏപ്രിൽ 2നാണ് ജയമാധവൻനായർ മരണമടഞ്ഞത്. ജയമാധവൻനായരെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കാര്യസ്ഥൻ രവീന്ദ്രൻനായരും വീട്ടുജോലിക്കാരി ലീലയും സഹായി സഹദേവനും പ്രാദേശിക പാർട്ടി നേതാവ് അനിൽകുമാറും ഇതുമായി ബന്ധപ്പെട്ട് 2017ൽ ലോക്കൽ പൊലീസിന് നൽകിയ മൊഴികളും പിന്നീട് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ശേഖരിച്ച വിവരങ്ങളും ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകളും അടിസ്ഥാനമാക്കി അന്വേഷണസംഘത്തിനുളള സംശയങ്ങൾ ദുരീകരിക്കത്തക്ക വിധത്തിലാണ് ചോദ്യങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.
കൺട്രോൾ റൂമിലെ ചോദ്യമുറിയിൽ എത്തിക്കും
കൂടത്തിൽ തറവാടുമായി അടുത്തിടപഴകിയിരുന്നയാളും സ്വത്ത് തട്ടിപ്പ് കേസിലെ മുഖ്യകണ്ണിയുമായ രവീന്ദ്രൻ നായരെ പൊലീസ് കൺട്രോൾ റൂമിലെ ചോദ്യമുറിയിലെത്തിച്ച് ചോദിക്കാനാണ് നീക്കം. ചോദ്യം ചെയ്യൽ കാമറയിൽ പകർത്തും. സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ രവീന്ദ്രൻനായരുടെ മറുപടികളും ഭാവമാറ്റങ്ങളും പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സസൂക്ഷ്മം നിരീക്ഷിക്കുകയും ആവശ്യമെന്ന് കണ്ടാൽ ചോദ്യം ചെയ്യലിൽ ഇടപെടുകയും ചെയ്യും.
മാെഴികളിൽ പൊരുത്തക്കേടുകൾ
ജയമാധവൻനായരുടെ മരണവുമായി ബന്ധപ്പെട്ട് രവീന്ദ്രൻനായരുടെയും ലീലയുടെയും സഹദേവന്റെയും മൊഴികളിൽ ചില പൊരുത്തക്കേടുകൾ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊലീസ് അടിവരയിട്ട ഈ പൊരുത്തക്കേടുകൾക്ക് ഓരോന്നിനും ഇവർ വിശദമായ മറുപടി നൽകേണ്ടിവരും. ജയമാധവനെ ആശുപത്രിയിലെത്തിച്ചതു മുതൽ സംസ്കാരം വരെയുള്ള കാര്യങ്ങളിൽ മൊഴികൾ തലനാരിഴകീറി പരിശോധിക്കുന്ന സംഘം സംഭവത്തിന് തലേ ദിവസം ഇവർ ഓരോരുത്തരും എവിടെയായിരുന്നു, പരസ്പരം കാണുകയോ , ബന്ധപ്പെടുകയോ ചെയ്തിരുന്നോ, ജയമാധവനെ കൂടത്തിൽ നിന്ന് ഒാട്ടോയിൽ കൊണ്ടുപോയ സമയം, മെഡിക്കൽ കോളേജിൽ എത്തിയതും മരണം സ്ഥിരീകരിച്ചതുമായ സമയങ്ങൾ എന്നിവ സ്ഥിരീകരിക്കും. കരമനയിൽ നിന്ന് തിരിച്ചതായി പറയുന്ന സമയവും ആശുപത്രിയിലെത്തിയ സമയവും തമ്മിൽ പൊരുത്തക്കേടുള്ളതായി കണ്ടെത്തിയതിനാലാണിത്. തലയ്ക്കേറ്റ ക്ഷതമാണ് ജയമാധവൻനായരുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കാനായാണ് ശാസ്ത്രീയ ചോദ്യം ചെയ്യലിന് തയ്യാറെടുക്കുന്നത്.
ശാരീരിക അവശതകളുണ്ടെന്ന് രവീന്ദ്രൻ നായർ
പൊലീസ് നീക്കങ്ങൾ മാനത്ത് കണ്ട രവീന്ദ്രൻനായർ നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിലെത്തി തനിക്ക് ശാരീരിക അവശതകളുണ്ടെന്നും വിശദമായ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ചികിത്സ തേടാൻ ശ്രമം തുടങ്ങി . ഇത് പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. കൊലക്കുറ്റം ചുമത്തിയശേഷം രവീന്ദ്രൻനായരുൾപ്പെടെ കേസുമായി ബന്ധമുള്ളവരുടെ ഓരോ നീക്കങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ജയമാധവന് തലയ്ക്കേറ്റ ക്ഷതവും വീടിന് പിന്നിൽ ഒളിപ്പിച്ച പട്ടികക്കഷണത്തിൽ രക്തക്കറ കണ്ടെത്തിയതും മരണത്തിലെ ദുരൂഹതകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കാര്യസ്ഥന്റെയും സഹായികളുടെയും മൊഴികളെ ചോദ്യങ്ങളിലൂടെ പൊളിച്ച് സത്യം പുറത്തു കൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ജയമാധവനെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് തെളിഞ്ഞാൽ സമാനരീതിയിൽ മരണമടഞ്ഞ ജയപ്രകാശിന്റേതുൾപ്പെടെ കൂടത്തിൽ തറവാട്ടിലെ മുഴുവൻ മരണങ്ങളും അന്വേഷിക്കേണ്ടതായി വരും.
കൂടത്തിലെ ദൂരൂഹ മരണങ്ങൾ (1991-2017)
1. ഗോപിനാഥൻ നായർ
2.സുമുഖിയമ്മ
3. ജയശ്രീ (കൊച്ചൂട്ടി)
4. ജയബാലകൃഷ്ണൻ
5. ഉണ്ണികൃഷ്ണൻനായർ
6. ജയപ്രകാശ് (2012 സെപ്തം-17 കട്ടിലിൽ നിന്ന് വീണ് മരിച്ചതായി പറയപ്പെടുന്നു)
7. ജയമാധവൻ (2017 ഏപ്രിൽ 2, കട്ടിളപ്പടിയിൽ തലയടിച്ച് അബോധാവസ്ഥയിൽ കണ്ടതായി കാര്യസ്ഥന്റെ മൊഴി)