ന്യൂഡൽഹി: നാമനിർദ്ദേശപത്രിക ഓൺലൈനായി നൽകാമെന്നതടക്കം കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പിൽ അടിമുടി ഡിജിറ്റൽ ആവുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. സുവിധ കാൻഡിഡേറ്റ് ആപ്പ് വഴി പത്രികയുടെ തത്സ്ഥിതി സ്ഥാനാർത്ഥിക്ക് നിരീക്ഷിക്കാം.
ഉച്ചഭാഷിണിയടക്കമുള്ളവയുടെ അനുമതി അപേക്ഷയും ഇതുവഴി ഓൺലൈനായി സമർപ്പിക്കാം. affidavit.eci.gov.in എന്ന പോർട്ടൽ വഴി സ്ഥാനാർത്ഥികളുടെ സത്യവാംങ്മൂലമടക്കമുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും. വോട്ടർപട്ടിക,തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ, വോട്ടർ കാർഡിൽ തിരുത്തൽ, ബൂത്തിന്റെ വിവരങ്ങൾ, ബൂത്ത് തല ഓഫീസറുടെ ഫോൺ നമ്പർ തുടങ്ങിയവയ്ക്ക് വോട്ടർമാർക്ക് www.nvsp.in എന്ന പോർട്ടൽ സന്ദർശിക്കാം. പെരുമാറ്റച്ചട്ട ലംഘനങ്ങൾ സ്മാർട്ട് ഫോണിൽ പകർത്തി സി-വിജിൽ ആപ്പുവഴി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാം. സർവീസ് വോട്ടർമാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് സംവിധാനമുണ്ട്. സംഘർഷബാധിത പ്രദേശങ്ങളിലെ മുഴുവൻ നടപടിക്രമങ്ങളും വീഡിയോയിൽ പകർത്തുമെന്നും കമ്മിഷൻ അറിയിച്ചു.
പൊതുയോഗവും റാലികളും നടത്താൻ ഓരോ ജില്ലയിലും പ്രത്യേകം മൈതാനങ്ങൾ ജില്ലാ വരണാധികാരി മുൻകൂട്ടി വിജ്ഞാപനം ചെയ്യണമെന്നും നിശ്ചിത പരിധിയിൽ കൂടുതൽ ആളുകളുണ്ടാവാൻ പാടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.