പകുതിയിലധികം ടെന്നിസ് കളിക്കാരും ടെന്നിസ് എൽബോ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. ക്രിക്കറ്റ്, ബാഡ്മിന്റൺ കളിക്കാരിൽ പലരും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ലാറ്ററൽ എപ്പികോണ്ടൈലൈറ്റിസ് എന്ന രോഗമാണ് സാധാരണയായി ടെന്നീസ് എൽബോ എന്ന് അറിയപ്പെടുന്നത് . കൈമുട്ടിന്റെ പുറം വശത്തായി കാണുന്ന വേദനയാണ് പ്രധാന ലക്ഷണം. ചിലപ്പോൾ കൈത്തണ്ടയിലേക്കും മണിബന്ധ സന്ധിയിലേക്കും വേദന വ്യാപിക്കാം.
ടെന്നീസ് എൽബോയുള്ള ഒരാളിന് ഏതുതരം ചികിത്സയാണ് വേണ്ടതെന്ന് തീരുമാനിക്കുന്നത് പല ഘടകങ്ങൾ പരിഗണിച്ചാണ്. രോഗബാധിതന്റെ ജോലി, രോഗംകാരണമുള്ള ബുദ്ധിമുട്ടുകൾ, എത്ര നാൾ കൊണ്ട് രോഗം ഭേദമാക്കേണ്ടതുണ്ട്, വിശ്രമം നൽകാൻ കഴിയുന്ന ആളാണോ എന്നിവയെല്ലാം പരിഗണിക്കേണ്ടതുണ്ട്.
30 നും 50 നും ഇടയ്ക്ക് പ്രായമുള്ളവരാണ് പ്രധാനമായും ടെന്നീസ് എൽബോയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ആറു മാസം മുതൽ രണ്ടു വർഷം വരെ നീണ്ടു നിൽക്കാവുന്നതാണ് ഈ രോഗം. 90 ശതമാനം ആൾക്കാരിലും ഒരു വർഷത്തിനുള്ളിൽ സമാധാനം ഉണ്ടാകുന്നതായിട്ടാണ് കാണുന്നത്. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിലൂടെ രോഗ വർദ്ധനയ്ക്കുള്ള കാരണങ്ങൾ ഒഴിവാക്കപ്പെടും. അതിനാൽ, അത്തരത്തിൽ വിശ്രമം ലഭിക്കുന്നയാളിന് മാത്രമേ വേഗത്തിൽ ടെന്നീസ് എൽബോ നിയന്ത്രണവിധേയമാക്കാൻ കഴിയൂ. കുറച്ചു വിശ്രമമെടുത്ത്, എന്നാൽ രോഗം പൂർണമായും ഭേദമാകുന്നതിന് മുമ്പുതന്നെ വീണ്ടും ജോലികളിൽ ഏർപ്പെടുന്നവർക്ക് രോഗം ഇടയ്ക്കിടെ കുറഞ്ഞും കൂടിയും വളരെനാൾ നിലനിൽക്കാൻ സാദ്ധ്യതയുണ്ട്.
തേങ്ങചുരണ്ടുന്നതിനും തറ തുടയ്ക്കുന്നതിനും തുണി പിഴിയുന്നതിനും പ്രയാസമുണ്ടാകുമ്പോഴും വേദന കാരണം ഒരു ജോലിയും ചെയ്യാനാകാത്ത അവസ്ഥയിലെത്തുമ്പോഴുമാണ് പലരും ചികിത്സ തേടുന്നത്.
ടെന്നീസ് എൽബോ ബാധിച്ച കൈയുടെ വശം വച്ച് കിടക്കരുത്. അതേ കൈയിൽ തല വച്ചും കിടക്കരുത്. തുടർച്ചയായി ഭാരമുയർത്തുന്നത് ടെന്നീസ് എൽബോ ഉണ്ടാകുന്നതിനും ഉള്ളത് വർദ്ധിക്കുന്നതിനും കാരണമാകും.
മരുന്നുകൾ പുരട്ടുന്നതും തിരുമ്മുന്നതും ശമനം നൽകും. വേദന ആരംഭിക്കുന്ന ദിവസങ്ങളിൽ ഐസ് വയ്ക്കുന്നതാണ് പ്രയോജനപ്പെടും. എന്നാൽ, കൂടുതൽ നാൾ നീണ്ടുനിൽക്കുന്ന രോഗത്തിന്റെ ഭാഗമായുണ്ടാകുന്ന വേദനയ്ക്ക് ചൂടു നൽകുന്നതാണ് നല്ലത്.
താൽക്കാലിക ശമനത്തിന് വേദനാസംഹാരികൾ ഉപയോഗിക്കാമെങ്കിലും അവ തുടർച്ചയായി ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ചിലർക്ക് സർജറി പ്രയോജനപ്പെട്ടേക്കാം. എന്നാൽ, കാരണങ്ങൾ ഒഴിവാക്കാൻ സാധിക്കാത്തവർക്ക് സർജറി കൊണ്ട് പ്രയോജനം ലഭിക്കണമെന്നില്ല. അതിനാൽ, ആവശ്യത്തിന് വിശ്രമം നൽകുകയും തുടർന്നുകൊണ്ടിരിക്കുന്ന ജോലിയുടെ രീതികളിൽ മാറ്റം വരുത്തുകയും വേണം. ഫലപ്രദമായ മരുന്നുകൾ ഉപയോഗിക്കുകയും കൂടി ചെയ്താൽ മാത്രമേ രോഗത്തിന് ശാശ്വത പരിഹാരം ലഭിക്കുകയുള്ളൂ. ടെന്നിസ് എൽബോ പരിഹരിക്കുന്നതിന് വളരെ ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചികിത്സ ആയുർവേദത്തിൽ ലഭ്യമാണ്. സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ ഇവ പൂർണ്ണമായി സൗജന്യവുമാണ്.