കോട്ടയം: ശബരിമല മുന്നൊരുക്ക പദ്ധതി നടപ്പാക്കാതെ സീസൺ കഴിഞ്ഞ് തുക വകമാറ്റി ചെലവഴിക്കുകയും ക്രമക്കേട് നടത്തുകയും ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ. പെരുവന്താനം പഞ്ചായത്ത് സെക്രട്ടറി ടിജി തോമസിനെയാണ് സംസ്ഥാന പഞ്ചായത്ത് ഡയറക്ടർ ഡോ.കെ.ജയശ്രീ സസ്പെന്റ് ചെയ്തത്.
2019-20 വർഷം ശബരിമല മുന്നൊരുക്ക പ്രവർത്തനത്തിനായി സർക്കാർ അഞ്ചു ലക്ഷം ഗ്രാന്റ് അനുവദിച്ചിരുന്നു. എന്നാൽ, പദ്ധതി നടപ്പാക്കാതെ സീസണിനുശേഷം വകമാറ്റി ചെലവഴിക്കുകയും മാറിയെടുക്കാൻ വ്യാജ ബില്ലുകളും വൗച്ചറുകളും നിർമ്മിക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ. അഞ്ച് പദ്ധതികളാണ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി തയ്യാറാക്കിയത്. ഇതിൽ മുറിഞ്ഞപുഴ മുതൽ മുപ്പത്തിയഞ്ചാംമൈൽ വരെയും ഇടത്താവളമായ മൂഴിക്കൽ പ്രദേശവും ശുചീകരിക്കുന്നതിനായി അനുവദിച്ച രണ്ട് ലക്ഷത്തിലാണ് ക്രമക്കേട് നടന്നത്. മണ്ഡലകാലം കഴിഞ്ഞ് നാലുമാസത്തിനുശേഷമാണ് പദ്ധതി നടപ്പാക്കിയതായി പറയുന്നത്. ചെലവുകൾക്ക് ശബരിമല അനുബന്ധ പ്രവർത്തനവുമായി ഒരു ബന്ധവുമില്ലെന്ന് കണ്ടെത്തി.
5000 രൂപയിൽ കൂടുതലുള്ള പദ്ധതി ടെൻഡർ നടപടി സ്വീകരിക്കണമെന്നത് പാലിക്കപ്പെട്ടിട്ടില്ല. മഴക്കാല പൂർവ്വ ശുചീകരണം, മൈക്ക് അനൗൺസ്മെന്റ് , മാലിന്യങ്ങൾ നീക്കം ചെയ്യൽ എന്നിവക്കായി 1,77,240 രൂപ വകമാറ്റി. ഇതിനുള്ള ക്വട്ടേഷനുകൾ രേഖപ്പെടുത്തിയിട്ടില്ല. തൊഴിലാളികൾക്ക് നൽകേണ്ട തുക അക്കൗണ്ടിൽ നൽകാതെ സ്വകാര്യവ്യക്തിക്ക് നൽകി.
പഞ്ചായത്തിലെ പത്തു വാർഡുകളിൽ ഒരേ സമയം ശുചീകരണത്തിനായി ഒരു മണ്ണുമാന്തിയന്ത്രം രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിപ്പിച്ചതായി വാഹന നമ്പർ അടക്കമുള്ള വൗച്ചർ നൽകിയാണ് പണം വാങ്ങിയെടുത്തത്. ടിപ്പർ ലോറികളും ഇതേ രീതിയിൽ പ്രവർത്തിപ്പിച്ചതായി ബിൽ എഴുതി തുക വാങ്ങിയിരുന്നു. എന്നാൽ, ഓഡിറ്റ് പരിശോധനയിൽ മണ്ണുമാന്തി യന്ത്രത്തിന് നൽകിയ നമ്പർ ഇന്നോവ കാറിന്റെതും ടിപ്പർലോറിക്ക് നൽകിയ നമ്പർ ഇരുചക്രവാഹനത്തിന്റെതുമാണെന്ന് കണ്ടെത്തി.
പഞ്ചായത്ത് വക എം.സി.എഫിൽ സംഭരണശേഷിയേക്കാൾ കൂടുതൽ മാലിന്യങ്ങൾ സൂക്ഷിച്ചതായി പറയുകയും പഞ്ചായത്ത് മെമ്പർമാർ സാക്ഷ്യപ്പെടുത്തുകയും ചെയ്ത്ത് വിശ്വസനീയമല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ 2018-19 വർഷത്തിലെ 'എന്റെ ശുചിത്വ നാട് ' പദ്ധതിയിലും അപാകതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തി സംസ്ഥാന ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നടപടി.