ശ്രീനഗർ: കോൺഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കപിൽ സിബൽ. ഇത് സത്യം തുറന്നുപറയാനുളള സമയമാണെന്നും കോൺഗ്രസ് പാർട്ടി ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് സത്യമെന്നുമായിരുന്നു കപിൽ സിബലിന്റെ തുറന്നുപറച്ചിൽ. അതുകൊണ്ടാണ് നമ്മൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഇതിന് മുമ്പും ഒത്തുകൂടിയിട്ടുണ്ടെന്നും നേതൃത്വത്തെ എതിർക്കുന്ന 23 നേതാക്കളുടെ ഒത്തുകൂടലിനെ ഓർമ്മിപ്പിച്ച് കപിൽസിബൽ പറഞ്ഞു.
ഗാന്ധി ഗ്ലോബൽ ഫാമിലി സംഘടിപ്പിച്ച ശാന്തി സമ്മേളനിലാണ് നേതൃത്വത്തെ എതിർക്കുന്ന നേതാക്കൾ ഒത്തുകൂടിയത്. കാവി തലപ്പാവുകൾ അണിഞ്ഞായിരുന്നു ഗുലാം നബി ആസാദ് അടക്കമുളള നേതാക്കൾ എത്തിയത്. ഗുലാം നബി ആസാദ് എല്ലാ സംസ്ഥാനങ്ങളിലേയും ജില്ലകളിലേയും കോൺഗ്രസിന്റെ ഗ്രൗണ്ട് റിയാലിറ്റി അറിയുന്നയാളാണ്. പാർലമെന്റിൽ നിന്ന് അദ്ദേഹം ഒഴിവായപ്പോൾ നമ്മൾ എല്ലാവർക്കും വിഷമമായി. അദ്ദേഹത്തെ വീണ്ടും പാർലമെന്റിലേക്ക് പറഞ്ഞുവിടുന്നില്ല. എന്തുകൊണ്ടാണ് കോൺഗ്രസ് അദ്ദേഹത്തിന്റെ മുൻപരിചയം ഉപയോഗിക്കാത്തത് എന്ന് തനിക്ക് മനസിലാകുന്നില്ലെന്നും കപിൽസിബൽ പറഞ്ഞു.
വിമാനം പറത്തുന്നയാൾ ഉറപ്പായും പരിചയസമ്പന്നനായിരിക്കും. എഞ്ചിന് എന്തെങ്കിലും തകരാറുണ്ടോയെന്ന് കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടത് അദ്ദേഹത്തിന്റെ കൂടെയുളള എഞ്ചിനീയറുടെ കടമയാണ്. പരിചയ സമ്പന്നനായ എഞ്ചിനിയറെപ്പോലെയാണ് ഗുലാം നബി ആസാദെന്നും കപിൽസിബൽ പറഞ്ഞു.