മുന്നൂറിലേറെ ദിവസങ്ങൾ അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന മെഗാ താരം മമ്മൂട്ടിക്ക് വീണ്ടും തിരക്കിന്റെ ദിനങ്ങൾ
ലോക് ഡൗൺ കാലത്ത് മോഹൻലാൽ മുതലുള്ള താരങ്ങളെല്ലാം മൂവീകാമറയ്ക്ക് മുന്നിലെത്തിയപ്പോൾ ആരാധകർ ആകാംക്ഷയോടെ ചോദിച്ച ചോദ്യമാണ് 'മമ്മൂട്ടി എന്ന് അഭിനയിച്ചുതുടങ്ങു"മെന്നത്.കൊവിഡ് വ്യാപനത്തിൽ സാരമായ കുറവ് സംഭവിക്കാതെ വീട്ടിൽ നിന്ന് പോലും പുറത്തിറങ്ങുന്നില്ലെന്ന തീരുമാനത്തിലായിരുന്നു മമ്മൂട്ടി.കടവന്ത്രയിലെ പുതിയ വീട്ടിൽ അപ്രതീക്ഷിതമായി വീണ് കിട്ടിയ അവധിക്കാലം ആഘോഷിക്കുകയായിരുന്നു മമ്മൂട്ടി. ഇടയ്ക്ക് താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകരും ആഘോഷമാക്കി.
രണ്ടുമാസം മുൻപ് മമ്മൂട്ടി ലോക് ഡൗണിന് ശേഷം ആദ്യമായി വീടിന് പുറത്തേക്കിറങ്ങിയത് ദേശീയ മാധ്യമങ്ങൾവരെ വാർത്തയാക്കി. പിന്നീട് മമ്മൂട്ടി രണ്ട് പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. വൺ എന്ന ചിത്രത്തിന്റെ ബാലൻസ് വർക്കുകളും പൂർത്തിയാക്കി.മമ്മൂട്ടി അഭിനയിക്കുന്ന പുതിയ ചിത്രമേതെന്നറിയാനായിരുന്നു അടുത്ത കാത്തിരിപ്പ്. ബിഗ് ബിയിലൂടെ പുതിയ കാല യുവത്വത്തെ ത്രസിപ്പിച്ച അമൽ നീരദും മമ്മൂട്ടിയും മലയാളി ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ബിലാലിന് മുൻപ് മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്നറിഞ്ഞപ്പോൾ ആ സിനിമയുടെ ഒഫിഷ്യൽ അപ്ഡേറ്റുകൾക്കായിരുന്നു പിന്നിടുള്ള ആവേശക്കാത്തിരിപ്പ്.ഫെബ്രുവരി 19ന് എറണാകുളത്ത് ചിത്രീകരണമാരംഭിച്ച ഭീഷ്മപർവ്വം എന്ന അമൽ നീരദ് ചിത്രത്തിൽ തൊട്ടടുത്ത ദിവസമാണ് മമ്മൂട്ടി ജോയിൻ ചെയ്തത്.
റിലീസിന് മുന്നേ തന്റെ സിനിമയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനോ അവകാശവാദങ്ങളുന്നയിക്കാനോ ഒട്ടും താത്പര്യപ്പെടാത്ത സംവിധായകനായതിനാലും കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരിക്കുന്നതിനാലും അമൽ നീരദിന്റെ ഭീഷ്മപർവ്വത്തിന്റെ സെറ്റിൽ ചിത്രീകരണ സംഘത്തിലുൾപ്പെടാത്ത ഒരാൾക്കും പ്രവേശനമില്ല.ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമലും ഒന്നിക്കുമ്പോൾ ആരാധകർക്കും പ്രേക്ഷകർക്കുമായി എന്തൊക്കെയാണ് ഇരുവരും കാത്തുവച്ചിരിക്കുന്നതെന്നറിയാൻ ഭീഷ്മപർവ്വത്തിന്റെ റിലീസ് വരെ കാത്തിരുന്നേ പറ്റൂവെന്ന് സാരം.ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും ബിഗ് സ്ക്രീനിൽ അവതരിക്കുന്നത് ദി പ്രീസ്റ്റിലൂടെയാണ്. മലയാളത്തിലും ഇതര ഭാഷകളിലുമായി എൺപതോളം നവാഗത സംവിധായകരെ പരിചയപ്പെടുത്തിയ മമ്മൂട്ടി അവതരിപ്പിക്കുന്ന പുതിയ സംവിധായകൻ ജോഫിൻ ടി. ചാക്കോ ഒരുക്കുന്ന മിസ്റ്ററി ത്രില്ലർ.
കെ. മധു, ലാൽജോസ്, ഡെന്നീസ് ജോസഫ്, ബ്ളെസി, അൻവർ റഷീദ്, അമൽ നീരദ്, ആഷിഖ് അബു, വൈശാഖ്, മാർട്ടിൻ പ്രക്കാട്ട്, അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ, ഹനീഫ് അഥേനി, ഷാജി പാടൂർ, ജോമോൻ... മമ്മൂട്ടിയുടെ കൈ പിടിച്ച് മലയാള സിനിമയിലേക്ക് നടന്നുകയറിയ എത്രയെത്ര സംവിധായകർ.'മുപ്പത്തിയൊന്ന് വയസുള്ള ചെറുപ്പക്കാരന്റെ സിനിമാ സ്വപ്നത്തിനൊപ്പം നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചയിടത്താണ് എന്റെ ജീവിതത്തിന്റെ റൂട്ട് മാറുന്നത്. എന്നെപ്പോലെ സിനിമയുടെ വലിയ കോട്ടവാതിലുകൾക്കപ്പുറത്ത് പകച്ച് നിന്നിരുന്ന എത്രയോ നവാഗത സംവിധായകർ ബലിഷ്ഠമായ ആ കൈപിടിച്ച് ഇപ്പുറം കടന്നിരിക്കുന്നു. ഇരുപത്തിനാല് കൊല്ലം മുൻപ് ഒരു ഡിസംബർ മാസത്തിൽ മറവത്തൂർ കനവിലെ ചാണ്ടിയോട് മൈക്കിലൂടെ ആക്ഷൻ പറഞ്ഞപ്പോൾ കൺമുന്നിൽ മഹാനടൻ ഞങ്ങളുടെ കഥാപാത്രമായി മാറുമ്പോൾ ഉള്ളിൽ മുഴങ്ങിയ പ്രാർത്ഥനകൾ അതേ ഗുരുത്വ ചിന്തയോടെ ഇക്കുറി മമ്മുക്ക അവതരിപ്പിക്കുന്ന നവാഗത സംവിധായകൻ ജോഫിൻ ടി. ചാക്കോയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നു. പ്രിയ ജോഫിൻ , ഏറെ കൈപ്പുണ്യമുള്ള കൈയാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെ... " ജോഫിൻ ടി. ചാക്കോയ്ക്ക് ആശംസകൾ നേർന്ന് ലാൽജോസ് ഫേസ്ബുക്കിൽ കുറിച്ചു.
മമ്മൂട്ടി പരിചയപ്പെടുത്തിയ സംവിധായകരിൽ പലരും ജോഫിന് ആശംസകൾ നേരാനെത്തിയത് മലയാള സിനിമയിൽത്തന്നെ പുതിയൊരു സൗഹൃദ സംസ്കാരത്തിന് തുടക്കമിടുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.ഒരു പുതുമുഖ സംവിധായകനെ മമ്മുക്ക വീണ്ടും പരീക്ഷിക്കുന്നുവെന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണെന്ന് ബ്ളെസി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞത്.'കാഴ്ചയെന്ന സിനിമയിലൂടെ മമ്മുക്കയുടെ വലിയ സ്നേഹംകൊണ്ടാണ് ഞാനൊരു എഴുത്തുകാരനും സംവിധായകനുമൊക്കെയായി മാറിയത്. ഇന്ത്യൻ സിനിമയിൽ മമ്മുക്കയെപ്പോലെ ഇത്രയധികം പുതുമുഖ സംവിധായകർക്ക് അവസരം കൊടുത്ത മറ്റൊരാളുണ്ടാവില്ല. അതിൽ ഒട്ടുമിക്കവരും ഇന്ന് മലയാള സിനിമയിലെ പ്രമുഖരായി നിലകൊള്ളുന്നുവെന്നതിലും സന്തോഷമുണ്ട്. എഴുതാനറിയാത്ത എന്നോട് എഴുതാൻ പറഞ്ഞ് എനിക്ക് കാഴ്ചയും തന്മാത്രയും ഭ്രമരവുമൊക്കെ എഴുതാൻ കഴിഞ്ഞത് മമ്മുക്ക തന്ന വലിയ പ്രചോദനം കൊണ്ടാണ്. ജോഫിൻ മമ്മുക്കയുടെ പുതിയ കണ്ടെത്തലാണ്." ബ്ളെസിയുടെ വാക്കുകൾ.ആദ്യ സിനിമ ചെയ്യാൻ അനേകം പുതിയ സംവിധായകരെ വിശ്വസിച്ച പ്രിയപ്പെട്ട മമ്മുക്ക പരിചയപ്പെടുത്തുന്ന പുതിയ സംവിധായകനായ ജോഫിന് വിജയാശംസകളെന്നാണ് ആഷിഖ് അബു ഫേസ് ബുക്കിൽ കുറിച്ചത്.
നിഗൂഢത നിറച്ച് ദി പ്രീസ്റ്റ്
അഞ്ചുവർഷമായി ജോഫിൻ ടി. ചാക്കോയുടെ മനസിലുള്ള കഥയാണ് ദി പ്രീസ്റ്റിന്റേത്. മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ആദ്യ സിനിമയെന്ന നിലയിൽ ഇതിനകം ഏറെ ചർച്ച ചെയ്യപ്പെട്ട ദി പ്രീസ്റ്റ് പറയുന്നത് മലയാള സിനിമ കണ്ട് ശീലിച്ചിട്ടുള്ള കഥാ പരിസരങ്ങളിലുള്ള ഒരു കഥയല്ല. ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഒരു മിസ്റ്ററി ത്രില്ലറാണ് ദി പ്രീസ്റ്റ്.'മൂന്ന് മണിക്കൂർ കൊണ്ടാണ് മമ്മുക്കയോട് ദി പ്രീസ്റ്റിന്റെ കഥ പറയുന്നത്. കഥ പറയുകയായിരുന്നില്ല. ഫുൾ സ്ക്രിപ്ട് വായിച്ച് കേൾപ്പിക്കുകയായിരുന്നു. മമ്മുക്ക ഒാ.കെ പറഞ്ഞ ശേഷമാണ് മഞ്ജുച്ചേച്ചിയോട് കഥ പറയുന്നത്. " ജോഫിൻ ടി. ചാക്കോ പറഞ്ഞു. മമ്മൂട്ടിയെയും മഞ്ജുവാര്യരെയും സ്ക്രീനിൽ ഒരുമിച്ച് കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരുടെ എക്സൈറ്റ്മെന്റ് ഇരുവരുമൊന്നിച്ചുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ തനിക്കും തന്റെ ടീമിനുമുണ്ടായിരുന്നുവെന്ന് ജോഫിൻ പറയുന്നു.
ജോഫിന്റെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. കാമറ - അഖിൽ ജോർജ്, സംഗീതം- രാഹുൽരാജ്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആർ.ഡി ഇലുമിനേഷൻസിന്റെയും ബാനറിൽ ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും വി.എൻ. ബാബുവും ചേർന്നാണ് ദി പ്രീസ്റ്റ് നിർമ്മിച്ചിരിക്കുന്നത്.