റാന്നി: അങ്ങാടി കുടിവെള്ള പദ്ധതിയുടെ പൈപ്പുകളുടെ നവീകരണം പൂർത്തിയാക്കി. രാജു ഏബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏഴ് കോടി രൂപ ചെലവഴിച്ചാണ് പഴയ പൈപ്പുകൾ മാറ്റി പുതിയ ഡി.ഐ പൈപ്പുകൾ സ്ഥാപിച്ചത്. 50 വർഷത്തിലധികം പഴക്കമുള്ള ആസ്ബറ്റോസ് പൈപ്പുകൾ നിരന്തരം പൊട്ടി ജലവിതരണം മുടങ്ങുന്നതു പതിവായിരുന്നു. ഇതു കാരണം വർഷത്തിൽ പകുതി ദിനം പോലും ജലവിതരണം നടന്നിരുന്നില്ല. എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കാണ് പൈപ്പ് ലൈനുകൾ മാറ്റുന്നതിന് കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചത്. പൈപ്പുകൾ സ്ഥാപിക്കുന്നതിനു പൊട്ടിച്ചു മാറ്റിയ ഭാഗങ്ങൾ ഐറിഷ് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഖാൻ, അസി എൻജിനിയർ പ്രേം, ജില്ലാ പഞ്ചായത്ത് അംഗം ജെ.സി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ജേക്കബ് സ്റ്റീഫൻ,ബി.സരേഷ്,നിസാം കുട്ടി എന്നിവർ സംസാരിച്ചു.