കൊൽക്കത്ത: പശ്ചിമബംഗാളിൽ ഇന്ന് നടക്കുന്ന ഇടത് പാർട്ടികളുടെയും കോൺഗ്രസിന്റെയും സംയുക്ത റാലിയിൽ നിന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പിന്മാറി. നിലവിൽ തമിഴ്നാട്ടിൽ സന്ദർശനം നടത്തുന്ന രാഹുൽ മാർച്ച് ഒന്നുവരെ അവിടെ തുടരുമെന്നാണ് സൂചന. കേരളത്തിൽ ഇടതിനെതിരെയാണ് കോൺഗ്രസിന്റെ മത്സരമെങ്കിലും ബംഗാളിൽ ഇരു പാർട്ടികളും സഖ്യമായാണ് മത്സരിക്കുന്നത്. രാഹുൽ കൊൽക്കത്തയിലെ റാലിയിൽ പങ്കെടുത്താൽ കേരളത്തിൽ ഇത് ഉയർത്തിക്കാട്ടി ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ മുന്നറിയിപ്പാണ് രാഹുലിന്റെ പിന്മാറ്റത്തിന് പിന്നിലെന്നാണ് വിവരം.