ന്യൂഡൽഹി: കളിപ്പാട്ട നിർമ്മാണ രംഗത്തെ ചൈനീസ് കുത്തക തകർക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട മേള 2021 (ടോയ് ഫെയർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിർമാണ കേന്ദ്രമായി ഇന്ത്യ മാറണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
'പ്ലാസ്റ്റിക് കുറച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കൾകൊണ്ടു കളിപ്പാട്ടങ്ങൾ നിർമിക്കണം. പുതിയ കണ്ടുപിടിത്തങ്ങൾക്കു പ്രാധാന്യം നൽകണം. ആത്മനിർഭർ ആശയത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങൾ നമ്മൾതന്നെ ഉത്പാദിപ്പിക്കണം. ആഗോളതലത്തിൽ കൂടുതൽ ഉത്പാദനം നടത്തുന്ന രാജ്യമായി മാറാൻ ഇന്ത്യയ്ക്കു സാധിക്കും. രാജ്യത്തു വിൽക്കപ്പെടുന്ന 85 ശതമാനം കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുന്നതാണ്. ആഗോള കളിപ്പാട്ട വിപണിയിൽ ഇന്ത്യയ്ക്കു ചെറിയ പങ്ക് മാത്രമേയുള്ളൂ എന്നതിൽ ദുഃഖമുണ്ട്. കൈകൊണ്ടു നിർമിക്കുന്ന കളിപ്പാട്ടങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു.
കളിപ്പാട്ട മേഖലയിലെ ചൈനീസ് കുത്തക തകർക്കാൻ കേന്ദ്രം നേരത്തെതന്നെ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ജനുവരിയിൽ, വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്റ്റാർട്ടപ്പുകൾക്കും വിദഗ്ധർക്കുമായി 'ടോയ്കത്തോൺ' എന്ന പേരിൽ ഹാക്കത്തോൺ സംഘടിപ്പിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിർമാണ രാജ്യങ്ങളിലൊന്നു ചൈനയാണ്. കോടിക്കണക്കിനു രൂപയുടെ കളിപ്പാട്ടങ്ങളാണ് ഇന്ത്യ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. ഒരു ബില്യൻ ഡോളറിന്റെ വിപണി രാജ്യത്തുണ്ടെങ്കിലും ഏറിയപങ്കും ഇറക്കുമതിയാണ്.