കൊച്ചി: ഒാൺലൈൻ റമ്മി നിരോധിച്ചുകൊണ്ടുള്ള സർക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി ഉത്തരവ് പൂർണമായും പാലിച്ചല്ലെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒാൺലൈൻ റമ്മിക്കു പുറമേ ഒാൺലൈൻ ചൂതാട്ടം, ഒാൺലൈൻ ബെറ്റിംഗ് തുടങ്ങിയവയൊക്കെ 1960ലെ കേരള ഗെയിമിംഗ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരാനാണ് ഫെബ്രുവരി പത്തിന് ഹൈക്കോടതി നിർദേശിച്ചത്. എന്നാൽ സംസ്ഥാന സർക്കാർ ഒാൺലൈൻ റമ്മിക്കെതിരെ മാത്രമാണ് നടപടിയെടുത്തതെന്ന് ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ പോളി വടക്കനുവേണ്ടി ഹാജരായ അഡ്വ. ജോമി കെ. ജോസ് 'കേരളകൗമുദി'യോടു പറഞ്ഞു.
1960 ലെ കേരള ഗെയിമിംഗ് ആക്ടിലെ സെക്ഷൻ 14 എയിൽ, ഏതെങ്കിലും കളികൾക്ക് കഴിവാണ് പ്രാധാന്യമെന്നു കണ്ടാൽ അത്തരം ഗെയിമുകളെ ഇൗ നിയമത്തിന്റെ പരിധിയിൽനിന്ന് ഗസറ്റ് വിജ്ഞാപനത്തിലൂടെ സർക്കാരിന് ഒഴിവാക്കാനാവുമെന്ന് പറയുന്നുണ്ട്. ഇതനുസരിച്ചാണ് സർക്കാർ നടപടിയെടുത്തത്. റമ്മിയടക്കമുള്ള ചില ഗെയിമുകളെ കേരള ഗെയിമിംഗ് ആക്ടിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി 1976ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൽ നിന്ന് റമ്മിയെ ഒഴിവാക്കിയാണ് ഇപ്പോഴത്തെ വിജ്ഞാപനം.
റമ്മി കളി പിടിച്ചാൽ
ഒാൺലൈൻ റമ്മി പിടിക്കപ്പെട്ടാൽ എന്തു നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഒാൺലൈൻ റമ്മിയടക്കമുള്ള ഗെയിമുകൾ കൃത്യമായി നിയമത്തിൽ നിർവചിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ ഹൈക്കോടതി ഇടപെട്ടിട്ടും നടപടിയില്ല. സർക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യംചെയ്ത് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അഡ്വ. ജോമി പറഞ്ഞു.