തിരഞ്ഞെടുപ്പ് പൂരത്തിന് വിളംബരമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്കൊടിക്കുടകൾ 12 എണ്ണം ചൂടിയ ജില്ലയാണ് തൃശൂർ. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വെടിക്കെട്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും ചുവപ്പുകുടകൾ പാറി. സംസ്ഥാനത്ത് ശക്തി തെളിയിക്കുന്ന ബി.ജെ.പിയുടെ സ്റ്റാർ ജില്ല കൂടിയാണിത്. ജയത്തിൽ കുറഞ്ഞൊന്നും മൂന്നു മുന്നണികളും ആഗ്രഹിക്കുന്നില്ല. പോരാട്ടം പൊടിപൂരമാകും. തിരഞ്ഞെടുപ്പിലെ സാദ്ധ്യതകളെക്കുറിച്ച് വിലയിരുത്തുകയാണ് മുന്നണികളുടെ ചുക്കാൻ പിടിക്കുന്നവർ.
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ മേൽക്കൈ നിയമസഭാ തിരഞ്ഞെടുപ്പിലും ഊർജ്ജം പകരുമെന്ന ആത്മവിശ്വാസമാണ് ഇടതുമുന്നണിയെ നയിക്കുന്നത്. വിവാദങ്ങളല്ല, സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങളാകും ജനങ്ങൾ അളവുകോലാക്കുക എന്ന ഉറച്ചവിശ്വാസമുളളതു കൊണ്ടു തന്നെ 13 നിയമസഭാ മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും എൽ.ഡി.എഫ്. ജില്ലാ കൺവീനറുമായ എം.എം. വർഗീസ് പറയുന്നു. മുന്നണിയുടെയും സി.പി.എമ്മിന്റെയും നിലപാടുകളും പ്രതീക്ഷകളും പങ്കിടുന്നു, അദ്ദേഹം.
തദ്ദേശതിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രതീക്ഷകൾ ?
ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം തന്നെയാണ് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായത്. ജില്ലയിൽ പ്രത്യേകിച്ചും. ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളിൽ 24 ഉം എൽ.ഡി.എഫാണ് വിജയിച്ചത്. 16 ബ്ളോക്കുകളിൽ 13 എണ്ണം ഇടതുമുന്നണി നേടി. 86 ഗ്രാമപഞ്ചായത്തുകളിൽ 69 പഞ്ചായത്തുകളും എൽ.ഡി.എഫിനൊപ്പമാണ്. ഏഴ് നഗരസഭകളിൽ അഞ്ചെണ്ണവും എൽ.ഡി.എഫിന്റെ കൈയിലാണ്. കണക്കുകളിൽ എൽ.ഡി.എഫിന്റെ സ്വാധീനം വ്യക്തമാണ്. കഴിഞ്ഞതവണ നഷ്ടപ്പെട്ട വടക്കാഞ്ചേരി മണ്ഡലം അടക്കം 13 നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പമാകുമെന്നതിൽ സംശയമില്ല.
തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പ്രവർത്തനങ്ങൾ?
താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ വളരെ സജീവമാണ്. വിവിധ വർഗബഹുജന പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. 13 മണ്ഡലങ്ങളിലും വികസനപ്രവർത്തനങ്ങളിലൂന്നിയുളള ശിൽപ്പശാലകളും പഞ്ചായത്ത് തലത്തിലുളള പരിപാടികളും നടക്കുന്നുണ്ട്. കൃത്യമായി ബൂത്ത് കമ്മിറ്റികൾ ചേരുകയും ഗൃഹസന്ദർശനം നടത്തുകയും ചെയ്യുന്നുണ്ട്. ജനങ്ങളുമായി നേരിട്ട് സംവദിക്കുകയാണ്. വളരെ കൃത്യനിഷ്ഠയോടെ പ്രവർത്തന നിരതമാണ് എല്ലാ കമ്മിറ്റികളും. എൽ.ഡി.എഫിന്റെ നേതൃത്വത്തിലും കമ്മിറ്റികൾ സജീവമാണ്.
ഭരണവിരുദ്ധ വികാരവും വിവാദവിഷയങ്ങളും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലേ?
വിവാദങ്ങളല്ല, വികസനപ്രവർത്തനങ്ങൾ മാത്രമാണ് ജനങ്ങൾ ശ്രദ്ധിക്കുന്നത്. ഗൃഹസന്ദർശനം നടത്തുന്നതിനിടെ ബോദ്ധ്യമായ കാര്യം, ഭരണത്തിൽ ജനങ്ങൾ സംതൃപ്തരാണെന്നാണ്. താഴേക്കിടയിലുളള കുടുംബങ്ങൾ പോലും ക്ഷേമപെൻഷനുകളും റേഷനും ഭക്ഷ്യക്കിറ്റുമെല്ലാമുളളതുകൊണ്ട് സന്തുഷ്ടരാണ്. അതുതന്നെയാണ് ഊർജ്ജവും. യു.ഡി.എഫ് - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോഴും ശക്തമാണ്. രണ്ട് എതിരാളികളെയും നേരിടുക എന്നതാണ് തിരഞ്ഞെടുപ്പിൽ ലക്ഷ്യം വയ്ക്കുന്നത്. വർഗീയശക്തികളെ നേരിടുന്നതിൽ ന്യൂനപക്ഷ വിഭാഗങ്ങൾ പ്രതീക്ഷ വച്ചുപുലർത്തുന്നത് ഇടതുമുന്നണിയിലാണ്. അതാണ് തദ്ദേശതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതും.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം പിന്നാക്ക വിഭാഗങ്ങളെ ഇടതുമുന്നണി അവഗണിക്കുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട് പലപ്പോഴും?
സാമൂഹിക യാഥാർത്ഥ്യം ഉൾക്കൊണ്ട് എല്ലാ വിഭാഗങ്ങൾക്കും അർഹമായ പരിഗണന നൽകുന്ന മുന്നണിയാണിത്. ഇതേ വരെ അങ്ങനെയാണ് മുന്നണി പ്രവർത്തിച്ചിട്ടുളളത്. സ്ഥാനാർത്ഥിനിർണയത്തിൽ അടക്കം തുല്യമായ പരിഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വിജയം അത് വ്യക്തമാക്കുന്നുണ്ട്. നിയസഭാ തിരഞ്ഞെടുപ്പിലും അർഹമായ പരിഗണന പിന്നാക്കവിഭാഗങ്ങൾക്കുണ്ടാകും. അടിസ്ഥാന വർഗത്തിന്റെ പാർട്ടിയാണിത്. കർഷകരുടെയും തൊഴിലാളികളുമെല്ലാമാണ് ശക്തി. അത് ഉൾക്കൊണ്ടുകൂടിയാകും തീരുമാനങ്ങളുമുണ്ടാകുന്നത്. ദളിത് പിന്നാക്ക വിഭാഗങ്ങൾക്കായി നിലകൊണ്ട പാർട്ടിയാണിത്.
സർക്കാരിന്റെ വികസനപ്രവർത്തനം മാത്രമാണോ പ്രധാനപ്രചാരണ വിഷയം?
സർക്കാർ ഫലപ്രദമായ ഇടപെടലാണ് എല്ലാ മേഖലകളിലും നടത്തിയത്. കാർഷിക, സാമൂഹികക്ഷേമ, വ്യവസായമേഖലകൾ അടക്കം മാറ്റത്തിന്റെ പാതയിലായി. കിഫ്ബിപദ്ധതികൾ റോഡുകളേയും സ്കൂളുകളേയും മാറ്റി. വിദ്യാഭ്യാസആരോഗ്യ ഗതാഗത രംഗത്തുണ്ടായ വലിയ മാറ്റം ആർക്കും അവഗണിക്കാനാവില്ല. അതുകൊണ്ടുതന്നെ വികസനനേട്ടങ്ങൾ പ്രചാരണവേദികളിൽ പരമപ്രധാനമാണ്.