തിരുവനന്തപുരം: മന്ത്രി എ കെ ബാലനുമായി നടത്തിയ ചർച്ചയെ തുടർന്ന് എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഇന്ന് രാവിലെ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അനുകൂല സമീപനമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾ പറഞ്ഞത്. ആവശ്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ നടപ്പാക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും അവർ പറഞ്ഞു. നൈറ്റ് വാച്ച്മാൻ തസ്തികയുടെ ജോലിസമയം എട്ട് മണിക്കൂറാക്കി പുതിയ തസ്തിക സൃഷ്ടിക്കുന്നത് പരിഗണിക്കുമെന്നും ഇങ്ങനെ ഉണ്ടാകുന്ന തസ്തികകളിൽ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നുതന്നെ നിയമനം നടത്തുമെന്ന ഉറപ്പുലഭിച്ചതായും ഉദ്യോഗാർത്ഥികൾ പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നതായും ഇവർ പറഞ്ഞു. സമരത്തിനു പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടികൾക്കും മാദ്ധ്യമങ്ങൾക്കും ഉദ്യോഗാർത്ഥികൾ നന്ദി അറിയിക്കുകയും ചെയ്തു. എന്നാൽ രേഖാമൂലം ഉറപ്പ് ലഭിക്കുംവരെ സമരം തുടരുമെന്ന് സി പി ഒ ഉദ്യോഗാർത്ഥികൾ പറഞ്ഞു.
ഇന്ന് രാവിലെ 11മണിക്കായിരുന്നു മന്ത്രി എ.കെ ബാലനും ഉദ്യോഗാർത്ഥികളും തമ്മിലുളള ചർച്ച നടന്നത്. എൽ.ജി.എസ് റാങ്ക്ഹോൾഡേഴ്സ് നടത്തുന്ന സമരം 34 ദിവസവും സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 21 ദിവസവും പിന്നിട്ടു. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ആരംഭിച്ച നിരാഹാര സമരം 14 ദിവസം പിന്നിട്ടു.വിദ്യാർത്ഥികൾ കുറവായ സ്കൂളുകളിലെ 2011 മുതലുള്ള അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയൻ നടത്തുന്ന നിരാഹാര സമരം പെരുമാറ്റചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ അവസാനിപ്പിച്ചു.