ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച ഒറ്റ ഡോസ് കൊവിഡ് വാക്സിന് അനുമതി നൽകി അമേരിക്ക. ലോകത്താദ്യമായാണ് ഒറ്റ ഡോസ് വാക്സിന് അനുമതി ലഭിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നൽകിയത്. ഒറ്റ ഡോസ് ആയതിനാൽ വാക്സിൻ വിതരണം വേഗത്തിലാക്കാൻ കഴിയും. കൊവിഡിന്റെ എല്ലാ വകഭേദവകഭേദങ്ങൾക്കും ഈ വാക്സിൻ ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ. ജൂണിനുള്ളിൽ 100 മില്യൺ ഡോസ് രാജ്യത്ത് വിതരണം ചെയ്യാനാണ് പദ്ധതി. അമേരിക്കയിൽ വ്യാപകമായി വിതരണം ചെയ്യുന്ന ഫൈസർ വാക്സിനെ അപേക്ഷിച്ച് സാധാരണ ഫ്രിഡ്ജിലെ താപനിലയിൽ സൂക്ഷിക്കാൻ കഴിയുമെന്നതാണ് ഈ വാക്സിന്റെ പ്രത്യേകത. സാധാരണ ജലദോഷമുണ്ടാക്കുന്ന അഡിനോവൈറസിൽ ജനിതകമാറ്റം നടത്തിയാണ് വാക്സിൻ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ അമേരിക്കക്കാർക്കും ഇത് ആവേശകരമായ വാർത്തയാണെന്നും കൊവിഡ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഗവേഷണങ്ങൾക്കിടയിൽ മികച്ച ചുവടുവയ്പ്പാണ് നടന്നതെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. കൊവിഡിനെതിരെ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ഫലപ്രാപ്തി
മൂന്ന് രാജ്യങ്ങളിലായി നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിൽ ജോൺസൻ ആൻഡ് ജോൺസൻ വാക്സിന് മികച്ച ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഗുരുതരമായ കൊവിഡ് 19 ബാധയ്ക്കെതിരെ വാക്സിന് 85.9 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് അമേരിക്കയിൽ നടന്ന ക്ലിനിക്കൽ പരീക്ഷണത്തിൽ വ്യക്തമായി. 81.7 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു ദക്ഷിണാഫ്രിക്കയിലെ പഠനത്തിൽ കണ്ടെത്തിയത്. ബ്രസീലിൽ നടന്ന പഠനത്തിൽ വാക്സിൻ 87.6 ശതമാനം ഫലപ്രാപ്തി തെളിയിച്ചു. മൊത്തം 39,321 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. എന്നാൽ, തീവ്രത കുറഞ്ഞ രോഗബാധയ്ക്കെതിരെ 66.1 ശതമാനം മാത്രമാണ് വാക്സിന് ഫലപ്രാപ്തിയുള്ളത്. വാക്സിൻ സ്വീകരിക്കുന്നവരുടെ പ്രായം, വംശം, മറ്റു രോഗാവസ്ഥകൾ തുടങ്ങിയ ഘടകങ്ങളും വാക്സിന്റെ ഫലപ്രാപ്തിയിൽ നിർണയാകമാണ്.