ചിറ്റൂർ: പെരുവമ്പ് മടിയപ്പാടം പാടശേഖരത്തിലെ മികച്ച കർഷകരിലൊരാളാണ് സിവിൽ എൻജിനീയർ കൂടിയായ രാമദാസ് ബാബു. തന്റെ പിതാവിനൊപ്പം കാർഷിക രംഗത്ത് എത്തിയ രാമദാസ് 20 വർഷമായി നെൽകൃഷിയിൽ സജീവമാണ്.
8.5 ഏക്കറിൽ 100% യന്ത്രവൽകൃത കൃഷി ചെയ്യുന്നു. പെരുവമ്പ് കാർഷിക കർമ്മ സേനയും കൂട്ടിനുണ്ട്.
പട്ടാമ്പി ഗവേഷണ കേന്ദ്രം വികസിപ്പിച്ച അക്ഷയ എന്ന അത്യുല്പാദന ശേഷിയുള്ള ഇനമാണ് ഇത്തവണത്തെ അതിഥി.
കൃഷി ഓഫീസർ ടി.ടി.അരുൺ എത്തിച്ച പത്തുകിലോ ബ്രീഡർ സീഡ് പ്രഭാകരനെന്ന കർഷകൻ വളർത്തി വലുതാക്കിയാണ് വിത്ത് ശേഖരിച്ചത്. അദ്ദേഹത്തിൽ നിന്ന് വിത്ത് വാങ്ങിയാണ് രാമദാസ് കൃഷിയിറക്കിയത്. 48-50 വരെ ചിനപ്പുണ്ടായിരുന്ന അക്ഷയ ആദ്യ 80 ദിവസം വരെ പൊക്കം കുറഞ്ഞ ഇനം മാതിരി തോന്നിപ്പിച്ചു. മഴ പെയ്തപ്പോൾ 1.25 മീറ്റർ വരെ പൊക്കം വച്ചു.
ഒന്നാം വിളയ്ക്ക് 50 സെന്റിൽ പരീക്ഷണം നടത്തിയ പാടശേഖര സമിതി സെക്രട്ടറി പ്രഭാകരന്റെ സാക്ഷ്യപ്പെടുത്തൽ രാമദാസ് ബാബുവിന് കരുത്തായി. ഇതു കൂടാതെ സി.ആർ.1009 വിത്തും കൃഷി ചെയ്യുന്നു. ഇത് പൊന്മണിയുടെ വികസിത ഇനമാണ്. 150-160 ദിവസമാണ് മൂപ്പ്. 9-10 ടൺ വരെ വിളവ് ലഭിക്കും.
അക്ഷയ
2018 ആഗസ്റ്റിലാണ് പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം അക്ഷയ പുറത്തിറക്കിയത്. പെരുവെമ്പിൽ ആദ്യമായാണ് വാണിജ്യാടിസ്ഥാനത്തിൽ ഇത് കൃഷിയിറക്കിയത്. ഓരോ ചിനപ്പിലും കതിരും മണിയും നിറയും. ഉമയെ താരതമ്യം ചെയ്യുമ്പോൾ രോഗ-കീടബാധയില്ല. നല്ല വയ്ക്കോൽ ഉള്ളതിനാൽ രണ്ടാം വിളയ്ക്ക് അത്യുത്തമം.