തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് താൻ ഇതുവരെ ആഗ്രഹിച്ചിട്ടില്ലെന്ന് മുൻ എംപിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടി. ആവശ്യമില്ലാത്തത് ആഗ്രഹിക്കുന്ന ശീലം തനിക്കില്ലെന്നും അത്തരം ആഗ്രഹങ്ങൾ തന്റെ ചിന്തയിൽ തന്നെ വരാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലീഗ് നേതാവ് ഇക്കാര്യങ്ങൾ പറഞ്ഞത്.
തനിക്ക് ഉപമുഖ്യമന്ത്രി പോലുള്ള പദവികൾ പലപ്പോഴും ആവശ്യപ്പെടാമായിരുന്നുവെന്നും എന്നാൽ അങ്ങനെയൊന്നും താൻ ആവശ്യപ്പെട്ടിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് വളരെക്കാലമായി നല്ല ബന്ധമാണ് ഉള്ളതെന്നും വിദ്യാർത്ഥി രാഷ്ട്രീയ കാലംതൊട്ടുതന്നെ ഇടത്/സിപിഎം നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്നും അതുമായി ബന്ധപ്പെട്ടുള്ള ചോദ്യം വന്നപ്പോൾ അദ്ദേഹം പറഞ്ഞു.
അവരെയെല്ലാം വിമർശിക്കുമ്പോൾ മാന്യമായ ഭാഷയിലാണ് താനത് ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. ചാനലിന്റെ തിരഞ്ഞെടുപ്പ് സർവേയിൽ പിണറായിക്ക് വൻ ജനപ്രീതിയെന്ന ഫലം ലഭിച്ച കാര്യത്തിലും കുഞ്ഞാലിക്കുട്ടി തന്റെ പ്രതികരണം അറിയിച്ചു.
അത് ജനങ്ങളുടെ അഭിപ്രായമല്ലേ. ഒരാൾക്ക് ജനപ്രീതി ശതമാനം കൂടുതലായി കാണുന്നുണ്ടെങ്കിൽ പിണറായി വിജയനും അദ്ദേഹത്തിന്റെ അഭ്യുദയകാംഷികൾക്കും സന്തോഷിക്കാം. തനിക്ക് അക്കാര്യത്തിൽ അസൂയയൊന്നുമില്ല. അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരിക്കലും ബിജെപിയെ പോലെ മതേതരത്വത്തെ പരിഗണിക്കാത്ത ഒരു പാർട്ടിക്ക് വേരുറപ്പിക്കാൻ സാധിക്കുകയില്ലയെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെടുന്നു.
അങ്ങനെ വരണമെന്നുണ്ടെങ്കിൽ ബിജെപിക്ക് അവരുടെ നയങ്ങളും ഘടനയുമെല്ലാം മാറ്റി കോൺഗ്രസിനെ പോലെ എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കുന്ന പാർട്ടിയായി മാറേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാവരെയും ഒരേപോലെ ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു പാർട്ടി എങ്ങനെയാണ് കേരളത്തിൽ ക്ലച്ച് പിടിക്കുക. അടുത്തതായി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.