മുംബയ്: 'ടിക് ടോക്' താരം പൂജ ചവാന്റെ (22) ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മഹാരാഷ്ട്ര വനംമന്ത്രി സഞ്ജയ് റാത്തോഡ് രാജിവച്ചു. വിദർഭയിൽ നിന്നുള്ള ശിവസേന നേതാവും ബഞ്ചാര സമുദായത്തിലെ പ്രബലനുമാണ് 49കാരനായ റാത്തോഡ്. തിങ്കളാഴ്ച സംസ്ഥാന നിയമസഭ ബഡ്ജറ്റ് സമ്മേളനം ആരംഭിക്കാരിനിരിക്കെയാണ് ഇന്നലെ സഞ്ജയും ഭാര്യയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയിലെത്തി രാജിക്കത്ത് നൽകിയത്. റാത്തോഡിന്റെ രാജിക്കായി ബി.ജെ.പി കടുത്ത സമ്മർദം ചെലുത്തിയിരുന്നു.
ഫെബ്രുവരി ഏഴിനാണ് പൂനെയിൽ സഹോദരൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ചാടി പൂജ ജീവനൊടുക്കിയത്. മന്ത്രിക്കെതിരായ ആരോപണങ്ങൾ പൂജയുടെ ബന്ധുക്കൾ നിഷേധിച്ചിട്ടുണ്ട്.
സഞ്ജയ് റാത്തോഡും പൂജയുടെ ബന്ധുവും തമ്മിൽ നടത്തിയതായി ആരോപിക്കുന്ന ഫോൺ സംഭാഷണങ്ങളുടെ ഒാഡിയോ ക്ളിപ്പുകൾ പുറത്തായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തുകയായിരുന്നു. പൂജയുടെ ഗർഭമലസിയതുമായി ബന്ധപ്പെട്ട രേഖകളും മന്ത്രിയെ സംശയമുനയിലാക്കി.
സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ 16ന് മുഖ്യനെ കണ്ട് റാത്തോഡ് രാജി സന്നദ്ധത അറിയിച്ചെങ്കിലും ബഞ്ചാര സമുദായത്തിന്റെ സമ്മർദ്ധം ഭയന്ന് സ്വീകരിച്ചിരുന്നില്ല.
'ഒരു പെൺകുട്ടിയുടെ മരണം ബി.ജെ.പി മുതലെടുക്കുകയാണ്. അന്വേഷണത്തിൽ സത്യം പുറത്തുവരും. അതുവരെ മന്ത്രി പദവിയിൽ നിന്ന് മാറി നില്ക്കുന്നു. എം.എൽ.എയായി തുടരും. '
- സഞ്ജയ് റാത്തോഡ്