പുതുച്ചേരി: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക മന്ത്രാലയം വേണമെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണക്കറ്റ് പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
'കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇവിടെ വച്ച് എന്തുകൊണ്ടാണ് മോദി സർക്കാർ മത്സ്യത്തൊഴിലാളികൾക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാതിരുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. രണ്ട് വർഷം മുമ്പ് തന്നേ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക വകുപ്പ് നരേന്ദ്രമോദി സർക്കാർ രൂപീകരിച്ചിരുന്നു. രാഹുൽ ഭയ്യാ... അന്ന് നിങ്ങൾ അവധിയിലായിരുന്നു. അതുകൊണ്ടാണ് നിങ്ങൾക്ക് ഇക്കാര്യം അറിയാത്തത്.' - പുതുച്ചേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ അമിത് ഷാ ആഞ്ഞടിച്ചു.
രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഷായുടെ 'അവധി'പരാമർശം.
'പുതുച്ചേരിയിലെ ജനങ്ങളോട് ചോദിക്കട്ടെ, കഴിഞ്ഞ നാലുവർഷമായി ഒരു പാർട്ടിയുടെ ലോക്സഭാംഗത്തിന് കഴിഞ്ഞ രണ്ടുവർഷം മുമ്പ് ഫിഷറീസ് വകുപ്പ് രൂപം നൽകിയത് പോലും അറിയില്ലെങ്കിൽ പുതുച്ചേരിയുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ ആ പാർട്ടിക്ക് സാധിക്കുമെന്ന് തോന്നുന്നുണ്ടോ.'
ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം വിജയിക്കുമെന്നും പുതിയ സർക്കാരിന് രൂപം നൽകുമെന്നും അമിത് ഷാ പറഞ്ഞു.
ആറ് എം.എൽ.എമാരുടെ രാജിയെ തുടർന്ന് വി. നാരായണസാമിയുടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയിൽ നിലവിൽ രാഷ്ട്രപതി ഭരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി എം.എൽ.എമാരെ വിലയ്ക്കെടുക്കുകയായിരുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.
രാഹുൽ
പറഞ്ഞതിങ്ങനെ
നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞയാഴ്ച പുതുച്ചേരിയിൽ സന്ദർശനം നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളികളുമായി സംവദിക്കുമ്പോഴാണ് പ്രശ്നപരിഹാരത്തിനായി കേന്ദ്രത്തിൽ ഫിഷറീസ് വകുപ്പില്ലെന്ന ആരോപണം രാഹുൽ ഗാന്ധി ഉന്നയിച്ചത്. എന്നാൽ 2019ൽ തന്നെ ഫിഷറീസ് വകുപ്പിന് മോദി സർക്കാർ രൂപം നൽകിയിരുന്നെന്നും ഇക്കാര്യം ലോകസഭാംഗമായ രാഹുലിന് അറിയില്ലേ എന്നും ചോദിച്ച് ബി.ജെ.പി ഉടൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
രാഹുൽ ഗാന്ധിക്ക് ഫിഷറീസ് വകുപ്പ് ഉളളതായി അറിയില്ലെന്ന പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. മത്സ്യത്തൊഴിലാളികൾക്കായി ഒരു കാര്യക്ഷമമായ മന്ത്രാലയമാണ് വേണ്ടതെന്നാണ് താൻ അർത്ഥമാക്കിയതെന്ന് രാഹുൽ പിന്നീട് വിശദീകരിച്ചു.
വ്യാജബോംബ് ഭീഷണിക്കിടെ
ഷാ തമിഴ്നാട്ടിൽ
നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി അമിത് ഷാ ഇന്നലെ തമിഴ്നാട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് ചെന്നൈ വിമാനത്താളത്തിൽ ബോംബ് വച്ചതായി വ്യാജ ഫോൺസന്ദേശമെത്തി. തുടർന്ന് വിമാനത്താവളത്തിൽ വൻ സുരക്ഷ സന്നാഹം ഒരുക്കിയിരുന്നു. ബി.ജെ.പി പ്രവർത്തകർ വൻ ആഘോഷമൊരുക്കിയാണ് ഷായെ സ്വീകരിച്ചത്.