തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദം ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമം നടത്തുന്നുവെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ യുവമഹാസംഗമം ശംഖുംമുഖത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്തും ചെയ്യാൻ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കൾ നമ്മുടെ നാട്ടിലുണ്ട്. ഈ നെറികേടൊന്നും നമ്മുടെ നാട്ടിൽ ചെലവാകില്ല എന്ന് മനസിലാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിലർക്ക് വലിയ തിരിച്ചടി നേരിട്ടു. അതിനെ മറികടക്കാൻ മത്സ്യത്തൊഴിലാളികളിൽ വികാരം ഇളക്കിവിടാനാകുമോ എന്ന ആലോചനയുടെ ഫലമായാണ് വിവാദം.. ഇത്തരമൊരു എം.ഒ.യു ഒപ്പിടുമ്പോൾ സാധാരണ നിലയിൽ ആ വകുപ്പിന്റെ സെക്രട്ടറി അറിയണം. ധാരണാപത്രം ഒപ്പിടുന്ന കാര്യംഅദ്ദേഹം അറിഞ്ഞിട്ടേയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
എന്തായിരുന്നു ഒപ്പിടാൻ ഇത്ര ധൃതി. എവിടെയോ ഉള്ള ഒരു ആലോചനയുടെ ഫലമായാണ് ഇത് സംഭവിച്ചത്. ബന്ധപ്പെട്ട സെക്രട്ടറിക്കോ സർക്കാരിനോ മന്ത്രിക്കോ അറിയാത്ത വിവരം എങ്ങനെ പ്രതിപക്ഷ നേതാവിന് ലഭിച്ചു. കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണ് വിദേശ മത്സ്യബന്ധന കപ്പലുകൾക്ക് വരാനുള്ള അനുമതി നൽകിയത്. അതാണ് കോൺഗ്രസിന്റെ നയം. അന്ന് അതിനെ എതിർക്കുകയാണ് എൽ.ഡി.എഫ് ചെയ്തത്.
ഇത്തരമൊരു ആരോപണം പുറത്തുവന്ന ഉടനേ സർക്കാരിന്റെ നയത്തിനെതിരായി ഉണ്ടാക്കിയ രണ്ടു കരാറുകളും റദ്ദ് ചെയ്തു. വഴിവിട്ട നീക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് എൽ.ഡി.എഫ് സർക്കാരിന്റെ പിടലിക്ക് വെച്ചുകെട്ടാമെന്ന് കരുതേണ്ട. അത് ചിലവാകില്ല. എൽ.ഡി.എഫ് സർക്കാരിന്റെ സംശുദ്ധി കൃത്യമായി ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടായേക്കാം. അത് എന്താണെന്നൊന്നും ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.