അടിമാലി: അടിമാലി ടൗണിലെ പ്രധാന ബൈപ്പാസ് റോഡുകളിൽ ഒന്നായ ലൈബ്രറി റോഡിന്റെ നവീകരണജോലികൾക്ക് തുടക്കംകുറിച്ചു. അടിമാലി ടൗണിലെ ഏറ്റവും തിരക്കേറിയ ബൈപ്പാസ് റോഡുകളിൽ ഒന്നാണ് ലൈബ്രറി റോഡ്. താലൂക്കാശുപത്രിയുടെ സമീപത്ത് നിന്നാരംഭിക്കുന്ന റോഡ് വ്യാപാരഭവന് മുമ്പിൽ ദേശീയപാതയുമായി സംഗമിക്കും. വൺവെ സംവിധാനത്തിലൂടെ ഗതാഗതം ക്രമീകരിച്ചിട്ടുള്ള ഈ റോഡിന്റെ നവീകരണജോലികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ത്രിതലപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഒന്നരക്കോടി രൂപയാണ് നവീകരണജോലികൾക്കായി വകയിരുത്തിയിട്ടുള്ളത്. 1500 മീറ്റർ ദൂരം വരുന്ന റോഡ് ആറ് മീറ്റർ മുതൽ എട്ട് മീറ്റർ വരെ വീതിയിൽ നവീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ടൗണിലെ സ്കൂൾ, കോളേജ്, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള കാൽനടയാത്രികർ കൂടുതലായി ഈ ബൈപ്പാസ് റോഡിനെ ആശ്രയിക്കുന്നുണ്ട്.