കൊൽക്കത്ത : ഐ ലീഗ് ഫുട്ബാളിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുക എന്ന ലക്ഷ്യവുമായി ആദ്യ റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്.സി ഇന്ന് ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങുന്ന മത്സരം 24 ന്യൂസിലും വൺ സ്പോർട്സിലും തത്സമയം കാണാം.
19 പോയിന്റുള്ള ചർച്ചിൽ ലീഗിൽ ഒന്നാം സ്ഥാനത്താണുള്ളത്. ഗോകുലം 16 പോയിന്റുമായി മൂന്നാം സ്ഥാനത്തും. രണ്ടാം സ്ഥാനത്തുള്ള റിയൽ കാശ്മീരിന് 17 പോയിന്റാണുള്ളത്. ഇന്ന് ഗോകുലം ചർച്ചിലിനെ തോൽപ്പിക്കുകയാണെങ്കിൽ ഇരുടീമുകൾക്കും 19 പോയിന്റ് വീതമാകും.നേർക്ക് പോരാട്ടത്തിലെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഗോകുലം ഒന്നാമതെത്തുകയും ചെയ്യും.
"ഈ മത്സരത്തിലെ മൂന്ന് പോയിന്റ് വളരെ പ്രധാനപെട്ടതാണ്. അടുത്ത മത്സരങ്ങളിൽ വിജയം നേടുവാനും കൂടി കഴിഞ്ഞാൽ, കേരളത്തിലേക്ക് ആദ്യത്തെ ലീഗ് കിരീടം കൊണ്ടുവരുവാൻ കഴിയുമെന്ന് പ്രതീക്ഷ ഉണ്ട്,"
- വിൻസെൻസോ ആൽബർട്ടോ അന്നീസ് , ഗോകുലം പരിശീലകൻ