ലാസ്റ്റ് ഗ്രേഡ് റാങ്കുകാർ സമരം പിൻവലിച്ചു ആറ് ഉറപ്പുകൾ നൽകി മന്ത്രി ബാലൻ
രേഖാമൂലം ഉറപ്പുകിട്ടും വരെ സമരം തുടരാൻ സി.പി.ഒ റാങ്കുകാർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഉദ്യോഗാർത്ഥി സമരത്തിൽ നിലപാട് മയപ്പെടുത്തിയ സർക്കാർ ഗത്യന്തരമില്ലാതെ നൽകിയ ഉറപ്പിൽ പ്രക്ഷോഭത്തിന് ശുഭാന്ത്യം. ലാസ്റ്റ് ഗ്രേഡ് റാങ്കുകാർ മുപ്പത്തിയഞ്ചു ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ തുടർന്നുവന്ന സമരം, മന്ത്രി എ.കെ. ബാലനുമായി ഇന്നലെ നടന്ന ചർച്ചയിലെ ഒത്തുതീർപ്പിനെ തുടർന്ന് പിൻവലിച്ചു. ഉദ്യോഗാർത്ഥികൾക്കും സർക്കാരിനും ആശ്വാസം.
റാങ്ക് ലിസ്റ്റ് കാലാവധിയിലെ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യാമെന്നത് ഉൾപ്പെടെ ആറ് ഉറപ്പുകളാണ് മന്ത്രി നൽകിയത്. ഉറപ്പുകളടങ്ങിയ സർക്കാർ അറിയിപ്പ് ഉച്ചയോടെ ഉദ്യോഗാർത്ഥികൾക്കു ലഭിച്ചു. തുടർനടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷന്റ അനുമതിക്ക് വിധേയമായിട്ടായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. അതേ സമയം, സർക്കാരിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സിവിൽ പൊലീസ് ഓഫീസർ റാങ്കുകാർ 23 ദിവസമായി നടത്തുന്ന സമരം തുടരും.
ഉദ്യോഗാർത്ഥികളുമായി ഒരു ചർച്ചയുടെയും ആവശ്യമില്ലെന്ന നിലപാടാണ് സർക്കാരും മുഖ്യമന്ത്രിയും ആദ്യം സ്വീകരിച്ചത്. എന്തെങ്കിലും ഉറപ്പു കിട്ടാതെ സമരം അവസാനിപ്പിക്കാനാവില്ലെന്ന വിഷമസന്ധിയിൽ സമരക്കാരുമെത്തി. ഉദ്യോഗാർത്ഥികൾ വ്യത്യസ്തമായ സമര മാർഗങ്ങൾ സ്വീകരിക്കുകയും മാദ്ധ്യമങ്ങൾ സമരത്തിന് വലിയ പ്രാധാന്യം നൽകുകയും പ്രതിപക്ഷം അതേറ്റെടുക്കുകയും ചെയ്തു. ഒടുവിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടി വന്നതോടെ, പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്കും ഒത്തുതീർപ്പിനും സർക്കാർ നിർബന്ധിതമാവുകയും ചെയ്തു.
സർക്കാർ നൽകിയ ആറ് ഉറപ്പുകൾ
2021 ആഗസ്റ്റ് നാല് വരെ ഉണ്ടാകുന്ന ഒഴിവുകൾ സ്പാർക്ക് വഴി കണ്ടെത്തി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. ഇവ നിലവിലെ റാങ്ക് പട്ടികയിയിൽ നിന്ന് നികത്തും
എൽ.ജി.എസ് വിഭാഗത്തിൽ ജോലിചെയ്യുന്നവരിൽ അർഹർക്ക് പ്രൊമോഷൻ നൽകും. അതു മൂലമുള്ള ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും.
കോടതി വ്യവഹാരങ്ങളോ ഭരണപരമായ കാര്യങ്ങളോ മൂലം സ്ഥാനക്കയറ്റങ്ങൾക്ക് തടസ്സമുണ്ടെങ്കിൽ താത്കാലിക സ്ഥാനക്കയറ്റം നൽകി, എൻട്രി കേഡറിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും.
ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിന് ജി.എ.ഡി സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും.
നൈറ്റ് വാച്ച്മാൻ ഡ്യൂട്ടി എട്ടു മണിക്കൂറാക്കുന്ന കാര്യം പരിഗണിക്കും.
ചർച്ചയുടെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷന്റ അനുമതിക്ക് വിധേയമായിട്ടായിരിക്കും
ഉദ്യോഗാർത്ഥികളെ വഞ്ചിക്കരുത്: മുല്ലപ്പള്ളി
ഉദ്യോഗാർത്ഥികളുമായി മന്ത്രിതലത്തിൽ ചർച്ച നടത്താൻ തയ്യാറായ സർക്കാരിന്റേത് വൈകിവന്ന വിവേകമാണെന്നും ഉറപ്പുകൾ നൽകി ഉദ്യോഗാർത്ഥികളെ ഇനിയും വഞ്ചിക്കരുതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുൻപ് മന്ത്രിതല ചർച്ച നടത്തേണ്ടതായിരുന്നു.പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ എൽ.ജി.എസ് ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പ്രഹസനമാകുമോയെന്ന് ആശങ്കയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
സർക്കാരിന്റെ മുഖം രക്ഷിക്കാൻ: ചെന്നിത്തല
സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി നടത്തിയ ചർച്ച സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള അടവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണോ ഉദ്യോഗാർത്ഥികളുടെ ആശങ്കകളെയും ദുരിതത്തെയും കുറിച്ച് സർക്കാരിന് ബോധോദയമുണ്ടായത്. തിരഞ്ഞെടുപ്പ് കമ്മിഷനോടാലോചിച്ച് വേണ്ടതു ചെയ്യുമെന്ന സർക്കാരിന്റെ അവകാശവാദം തട്ടിപ്പാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.