തിരുവനന്തപുരം: പുതിയ ബസുകൾ എത്തുന്നതോടെ അയൽ സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി- സ്വിഫ്ട് കോൺട്രാക്ട് കാര്യേജ് ബസ് സർവീസുകളും ആരംഭിക്കും. സ്വകാര്യബസുകൾക്ക് വെല്ലുവിളിയായി മാറും.
സ്റ്റേറ്റ് ട്രാൻസ്പോർട്ട് പദവി ഇല്ലാത്ത സ്വതന്ത്രകമ്പനിയായതുകൊണ്ടാണ് സിഫ്ടിന് സ്വകാര്യബസുകളെപ്പോലെ സർവീസ് നടത്താനാവുന്നത്. സംസ്ഥാനങ്ങളുമായി കരാറിൽ ഏർപ്പെടേണ്ടതില്ല. ഇരു സംസ്ഥാനങ്ങളിലും നികുതി അടയ്ക്കുന്ന കോൺട്രാക്ട് ക്യാര്യേജ് ബസുണ്ടെങ്കിൽ ഓൺലൈനിൽ ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകാം. സംസ്ഥാനത്തെ നികുതി ഒഴിവാക്കിക്കൊടുത്താൽ ടിക്കറ്റ് നിരക്ക് കുറച്ച് യാത്രക്കാരെ ആകർഷിക്കാം. 460 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള ടെൻഡർ മാർച്ച് മൂന്നിന് തുറക്കും.
കെ.എസ്.ആർ.ടി.സി താല്പര്യം കാട്ടില്ല
കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റേജ് കാര്യേജാണ്. മറ്റു സംസ്ഥാനങ്ങളുമായി കരാർ വേണം. 500 കിലോമീറ്റർ തമിഴ്നാട്ടിലേക്ക് കടക്കാൻ അനുമതി കിട്ടിയാൽ അത്രയും ദൂരം കേരളത്തിൽ ഓടാൻ തമിഴ്നാട് കോർപറേഷനെയും അനുവദിക്കണം. കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചത്തോളം ഇത് നഷ്ടക്കച്ചവടമാണ്. തമിഴ്നാട്ടിൽ സർവീസ് നടത്തുമ്പോൾ അവിടത്തെ നിരക്കേ ഈടാക്കാൻ കഴിയൂ. അവിടെ നിരക്ക് കുറവാണ്.
യാത്രക്കാർ ഏറെയുള്ള തിരുവനന്തപുരം -നാഗർകോവിൽ- ചെന്നൈ പാതയിൽ (769 കിലോമീർ) 41 കിലോമീറ്റർ മാത്രമാണ് കേരളത്തിലുള്ളത്. കെ.എസ്.ആർ.ടി.സിയുടെ ഒരു ബസ് ചെന്നൈയിലേക്ക് പോകുമ്പോൾ നാഗർകോവിലിൽ നിന്നും തിരുവനന്തപുരം പാതയിലേക്ക് 700 കിലോമീറ്റർ ഓടാനുള്ള അവസരം തമിഴ്നാട് കോർപറേഷന് ലഭിക്കും.