ആറ്റിങ്ങൽ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിജു എന്ന ഗുണ്ടാത്തലവൻ ആറ്റിങ്ങൽ അയ്യപ്പനെ (50) തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ സംഘം പിടികൂടി.
ആറ്റിങ്ങൽ ബി.ടി.എസ് റോഡ് സുബ്രഹ്മണ്യവിലാസത്തിൽ നിന്ന് തമിഴ്നാട് തക്കല തൃക്കോൽവട്ടം പുഷ്പഗിരി വീട്ടിൽ താമസിക്കുന്ന അയ്യപ്പൻ ഇരുപത് വർഷമായി പൊലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘം മൂന്നാഴ്ചയായി നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി. ഗോപകുമാർ, എസ്.എച്ച്.ഒ ടി. രാജേഷ്കുമാർ എസ്.ഐ ജ്യോതിഷ് ചിറവൂർ, ഷാഡോ സംഘത്തിലെ എസ്.ഐ ബിജു ഹക്ക്, ഫിറോസ് ഖാൻ, എ.എസ്.ഐമാരായ ബി. ദിലീപ് , ആർ. ബിജുകുമാർ, സി.പി.ഒ സുധീർ ,സുനിൽരാജ് , അനൂപ് എന്നിവർ കോട്ടയം പൊൻകുന്നത്തുള്ള ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കൊലപാതകം, വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇടയ്ക്ക് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചിരുന്നു. നേപ്പാൾ, ന്യൂഡൽഹി, മുംബയ് എയർപോർട്ടുകൾ വഴി രഹസ്യമായി ഇയാൾ നാട്ടിൽ വന്ന് പോയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ബംഗളൂരുവിലും തമിഴ്നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി ഒളിവിൽ താമസിച്ചിരുന്നു. വിദേശത്തുനിന്ന് നാട്ടിലുള്ള സംഘത്തെ ഉപയോഗിച്ച് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നു. കടയ്ക്കാവൂർ, കൊല്ലമ്പുഴയിൽ മണിക്കുട്ടൻ വധക്കേസിലെയും തിരുവനന്തപുരം സിറ്റിയിൽ തിരുവല്ലത്ത് അബ്ദുൾ ജാഫർ വധക്കേസിലെയും പ്രധാന പ്രതിയാണ് അയ്യപ്പൻ. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, വർക്കല, തിരുവനന്തപുരം മെഡിക്കൽ കോളേജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പൊലീസ് സ്റ്റേഷൻ പരിധികളിലെ വധശ്രമ കേസുകൾ അടക്കം നിരവധി കേസുകളിലും പിടികിട്ടാപുള്ളിയാണ് ഇയാൾ.