കുളത്തൂർ: പോക്സോ കേസിലെ പ്രതി പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെട്ടു. ശനി വൈകിട്ട് നാലോടെയാണ് സംഭവം. മേനംകുളം പാൽക്കര ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന സന്തോഷാണ് ( ചുരുട്ട സന്തോഷ് - 27 ) രക്ഷപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതായി ഇയാളുടെ മുൻ ഭാര്യ ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥർ ഇയാളുമായി ബന്ധപ്പെട്ടെങ്കിലും പെൺകുട്ടിയെയും കൊന്ന് താൻ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഉദ്യോഗസ്ഥർ കഴക്കൂട്ടം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കഴക്കൂട്ടം ഇൻസ്പെക്ടർ യു. ബിജുവും രണ്ടു പൊലീസുകാരും ഇയാൾ താമസിക്കുന്ന വാടക വീട്ടിലെത്തി. തുടർന്ന് സന്തോഷ് പൊലീസിനു നേരെ നാടൻ ബോംബ് വലിച്ചെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർക്ക് പരിക്കില്ല. പൊലീസ് ഇയാളെ പിന്തുടർന്നെത്തിയെങ്കിലും പിടികൂടാനായില്ല. തുമ്പ പൊലീസ് സ്റ്റേഷനിലടക്കം നിരവധി അടിപിടി കേസുകളിലെ പ്രതിയാണ് സന്തോഷ്. കഴക്കൂട്ടം ഇൻസ്പെക്ടർ യു. ബിജു, തുമ്പ ഇൻസ്പെക്ടർ പ്രതാപൻ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമാക്കി.