കൊടുങ്ങല്ലൂർ: ആഴക്കടൽ മത്സ്യ ബന്ധന വിവാദത്തിൽ ഇ.എം.സി.സി കമ്പനി കബളിപ്പിക്കാൻ ശ്രമിച്ചെന്നു പറയുന്ന ഫിഷറീസ് മന്ത്രി എന്തുകൊണ്ട് കമ്പനിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണ്. എല്ലാ അഴിമതിയെയും ശക്തമായി ന്യായീകരിക്കുകയും പിന്നീട് ഒഴിഞ്ഞുമാറി പതിവ് ന്യായങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരാർ ഒപ്പിട്ടത്. അഞ്ച് വർഷത്തിനിടെ കേരളത്തിൽ അഴിമതി സാർവത്രികമായി. അഴിമതിക്കെതിരെ നിലപാടെടുക്കാൻ യു.ഡി.എഫിന് ധാർമ്മിക അവകാശമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സി.പി.ഐ ഈർക്കിൽ പാർട്ടി
ഒറ്റയ്ക്ക് മത്സരിച്ചു ജയിക്കാൻ കഴിയാത്ത ഈർക്കിൽ പാർട്ടിയാണ് സി.പി.ഐ എന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. സി.പി.ഐക്ക് സ്വന്തമായി അയ്യായിരം വോട്ടുള്ള മണ്ഡലം കേരളത്തിലില്ല. ഇ. ശ്രീധരനെ പോലെയുള്ളയാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിൽ തെറ്റില്ല. മറ്റു മുന്നണികൾക്ക് മുമ്പേ എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.