ന്യൂഡൽഹി : അറുപതിന് മുകളിൽ പ്രായമുള്ളവർക്ക് രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച ദിവസം തന്നെ ഇന്ത്യൻ പ്രധാനമന്ത്രി ആശുപത്രിയിലെത്തി വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു. പൂർണമായും ഇന്ത്യൻ നിർമ്മിതമായ കൊവാക്സിൻ ആണ് മോദി സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച ശേഷം അരമണിക്കൂറോളം നിരീക്ഷണത്തിൽ ഇരുന്ന ശേഷമാണ് മോദി ആശുപത്രി വിട്ടത്. പിന്നാലെ അർഹരായ എല്ലാ പൗരന്മാരും വാക്സിൻ കുത്തിവയ്പെടുക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കൊവിഡ് വാക്സിൻ മിക്കരാജ്യങ്ങളിലും ലഭ്യമായ ഉടൻ അതാത് രാജ്യങ്ങളിലെ ഭരണാധികാരികൾ ആദ്യ ഘട്ടത്തിൽ തന്നെ സ്വീകരിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ വാക്സിൻ ആദ്യം ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള കൊവിഡ് മുന്നണിപ്പോരാളികൾക്ക് പെട്ടെന്ന് നൽകണമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇതിന് വിരുദ്ധമായി ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിക്കാൻ ശ്രമിച്ച രാഷ്ട്രീയ നേതാക്കളെ കേന്ദ്രം ഇടപെട്ട് വിലക്കുകയും ചെയ്തിരുന്നു. കൊവിഡ് മുന്നണി പോരാളികൾക്ക് വാക്സിൻ നൽകിയ ശേഷമാണ് അടുത്ത ഘട്ടമായി അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ തീരുമാനമായത്. ഇതോടെയാണ് നരേന്ദ്ര മോദിയും ആശുപത്രിയിലെത്തി വാക്സിൻ സ്വീകരിച്ചത്.
എംയിസ് ആശുപത്രിയിൽ പ്രധാനമന്ത്രിക്ക് വാക്സിൻ നൽകിയ നഴ്സുമാരുടെ ടീമിൽ കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ പുതുച്ചേരി സ്വദേശിനിയായ നിവേദിതയാണ് പ്രധാനമന്ത്രിക്ക് കുത്തിവയ്പ്പ് നടത്തിയത്. വാക്സിൻ സ്വീകരിക്കാൻ പ്രധാനമന്ത്രി എത്തുന്നതായി ഇന്ന് രാവിലെ മാത്രമാണ് അറിയിപ്പ് ലഭിച്ചത്. മൂന്ന് വർഷമായി എംയിസിൽ നിവേദിത നഴ്സായി ജോലി ചെയ്യുന്നുണ്ട്. വാക്സിൻ കുത്തിവച്ചതിന് പിന്നാലെ ഇത്രപെട്ടെന്ന് കഴിഞ്ഞോ എന്നാണ് അദ്ദേഹം നഴ്സുമാരോട് ചോദിച്ചത്. പിന്നാലെ നഴ്സുമാരുടെ സ്വന്തം സ്ഥലത്തെക്കുറിച്ചും കുശലാന്വേഷണം നടത്തിയ ശേഷം അരമണിക്കൂർ വിശ്രമിച്ചതിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ആശുപത്രി വിട്ടത്. 28 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസും അദ്ദേഹം സ്വീകരിക്കും.