ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും തിരഞ്ഞെടുപ്പിൽ ഇളവ് നൽകണമെന്ന് സി പി എമ്മിൽ നിർദേശം. ഇന്നു ചേർന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലാണ് ഇരുവർക്കും ഇളവ് നൽകണമെന്ന അഭിപ്രായം ഉയർന്നത്. മാനദണ്ഡങ്ങളിൽ ഇളവ് നൽകണമെന്നും വിജയസാദ്ധ്യത പരിഗണിക്കണമെന്നുമാണ് യോഗത്തിൽ അഭിപ്രായം ഉയർന്നത്.
ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തലിൽ ആലപ്പുഴയിലും അമ്പലപ്പുഴയിലും ഇവർക്ക് രണ്ടു പേർക്കും തന്നെയാണ് വിജയസാദ്ധ്യതയുളളത്. അമ്പലപ്പുഴ യു ഡി എഫ് മണ്ഡലമായിരുന്നു. ജി സുധാകരൻ വന്നതോടെയാണ് മണ്ഡലം സി പി എമ്മിന് അനുകൂലമായി മാറി ചിന്തിച്ച് തുടങ്ങിയതെന്നും സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയർന്നു. അതേസമയം, ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.
ആലപ്പുഴയിൽ സി പി എം മത്സരിക്കുന്ന മറ്റ് അഞ്ച് സീറ്റുകളിലെ കാര്യവും യോഗത്തിൽ ചർച്ചയായി. ജില്ലാ സെക്രട്ടറിയേറ്റ് നൽകുന്ന പട്ടിക പരിശോധിച്ചായിരിക്കും സംസ്ഥാന സമിതി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേർന്നത്. ഉച്ചയ്ക്ക് ശേഷം ഐസക്കും സുധാകരനും മത്സരിക്കുന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നും വിവരമുണ്ട്.