തിരുവനന്തപുരം: മദ്യലഹരിയിൽ പ്രശ്നമുണ്ടാക്കിയ പൊലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു. തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും നെടുമങ്ങാട് സ്വദേശിയുമായ സുകുവിനാണ് (49) മർദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഡ്യൂട്ടിയ്ക്ക് പോകാതിരുന്ന ഇയാൾ അന്ന് വൈകുന്നേരം മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. മദ്യപിച്ച് വീടിന് കുറച്ചകലെയുള്ള ജംഗ്ഷനിൽ നാട്ടുകാരുമായി വാക്കേറ്റത്തിലേർപ്പെട്ട സുകു നാട്ടുകാരെ തെറിവിളിച്ചതോടെയാണ് നാട്ടുകാരിൽ ചിലർ ഇയാളെ കൈയ്യേറ്റം ചെയ്തത്. മർദ്ദനമേറ്റ് അവശനിലയിലായ സുകു നെടുമങ്ങാട് ഗവ. ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെടുമങ്ങാട് പൊലീസ് കേസെടുത്തു.