'അമ്മ"യുടെ ആസ്ഥാന മന്ദിര ഉദ്ഘാടന വേദിയിലെ ഇരിപ്പിടവിവാദത്തിൽ ഹണിറോസ് പ്രതികരിക്കുന്നു
മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ നടിമാർക്ക് വേദിയിൽ ഇരിപ്പിടം നിഷേധിച്ചുവെന്ന ആക്ഷേപം ചിലരുന്നയിച്ചിരുന്നു. എന്നാൽ അത്തരം ആക്ഷേപങ്ങളിലും ആരോപണങ്ങളിലും കഴമ്പില്ലെന്ന പക്ഷക്കാരിയാണ് അമ്മയുടെ എക്സിക്യൂട്ടീവ് അംഗമായ ഹണിറോസ്.
'അതൊരു അനാവശ്യ വിവാദമായിരുന്നു. അവിടെ എന്ത് നടന്നുവെന്നുള്ളത് മനസിലാക്കാതെ പെട്ടെന്ന് ചാടിക്കയറി ഒരു വിഷയത്തിൽ കമന്റ് പറയുന്നത് ശരിയല്ല" ഹണി റോസ് പറയുന്നു.
എന്താണ് ശരിക്കും സംഭവിച്ചത്?
ഞാനും ശ്വേതചേച്ചി (ശ്വേതാമേനോൻ)യും രചനയുമൊക്കെ 'അമ്മ"യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ഞങ്ങൾ സ്ത്രീകളെ കൂടാതെ പുരുഷന്മാരുമുണ്ട് അതിൽ. വലിയ ഒരു ചടങ്ങാണ് അവിടെ നടന്നത്. എല്ലാവരും ഒാടിനടന്ന് ജോലി ചെയ്യുകയായിരുന്നു. ഞങ്ങളെല്ലാവരും വ്യക്തിപരമായി ക്ഷണിച്ചിട്ട് കൂടിയാണ് പലതും വന്നത്. ഞങ്ങൾ ക്ഷണിച്ച് വരുത്തിയവരുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ചുമതല ഞങ്ങൾക്കുണ്ട്. മീറ്റിംഗ് തുടങ്ങിയ സമയം തൊട്ടേ വേദിയിലിരുന്നവരെല്ലാം ഞങ്ങളോടും വേദിയിൽ ഒപ്പമിരിക്കാൻ പറയുന്നുണ്ടായിരുന്നു. മമ്മുക്ക ഉൾപ്പെടെ പലരും ഞങ്ങൾ ക്ഷണിച്ചിട്ട് വന്നവരാണ്. ലാലേട്ടൻ അമ്മയുടെ പ്രസിഡന്റാണ്. അങ്ങനെ കുറച്ച് പേരെ വേദിയിലിരുന്നുള്ളൂ. ഞങ്ങളും കൂടി അവിടെ കയറിയിരുന്നാൽ ചടങ്ങ് നല്ല രീതിയിൽ നടക്കണ്ടേ. നമ്മുടെ വീട്ടിലൊരു ചടങ്ങ് നടക്കുമ്പോൾ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം നമ്മളും കസേരയിൽ കയറി ഇരിക്കുന്നതല്ലല്ലോ പതിവ്. അങ്ങനെ ഞങ്ങൾ നിന്ന ഫോട്ടോസ് കണ്ടിട്ടാണ് പലരും അഭിപ്രായപ്രകടനം നടത്തിയത്. ഞങ്ങളെല്ലാവരും പിന്നീട് ഒരുമിച്ച് വേദിയിലിരിക്കുന്ന ഫോട്ടോസ് അഭിപ്രായം പറഞ്ഞ പലരും കണ്ടില്ല. കണ്ടെങ്കിൽത്തന്നെ അതിനെപ്പറ്റി മിണ്ടിയില്ല.
എന്തെങ്കിലുമൊരു വിവാദമുണ്ടാക്കാൻ വേണ്ടി ചിലർ ഏതെങ്കിലുമൊരു വിഷയമെടുത്തിടുന്നുവെന്നേ തോന്നിയുള്ളൂ. ഏറ്റവും നന്നായി നടന്ന ഒരു ചടങ്ങിലെ ഒരു ഫോട്ടോ കണ്ടിട്ട് ഒരാവശ്യവുമില്ലാതെ കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരോട് ഒന്നും പറയാനില്ല. അവിടെ എന്താണ് സംഭവിച്ചതെന്ന് അവിടെയുണ്ടായിരുന്നവർക്കറിയാം. എന്നാലും വാർത്തകൾ വളച്ചൊടിച്ച് വരുന്നത് കണ്ടപ്പോൾ വിഷമം തോന്നി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ പലതും അങ്ങനെയാണ്. നമ്മളൊരു കാര്യം പറഞ്ഞാൽ അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാൻ ചിലർക്ക് നല്ല വിരുതാണ്. എങ്ങനെയും വാർത്ത സൃഷ്ടിക്കാനാണ് ചിലർക്കിഷ്ടം.
ചില ഒാൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വായിച്ച് പോലും നോക്കാതെ ഹെഡിംഗ് മാത്രം വായിച്ച് അതിനെ വളച്ചൊടിച്ച് വാർത്ത കൊടുക്കുന്ന മറ്റുചില പോർട്ടലുകളുമുണ്ട്. വളരെ മോശം കാര്യമാണത്. പക്ഷേ നിർഭാഗ്യവശാൽ അങ്ങനെ തന്നെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പോർട്ടലിൽ വരുന്ന വാർത്ത വേറെ പോർട്ടലിൽ അവരുടെ ഭാവനകൂടി ചേർത്തായിരിക്കും വരുന്നത്. അങ്ങനെയങ്ങനെ അവസാനം സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളും പ്രചരിക്കും.
സോഷ്യൽ മീഡിയയിലെ സ്വന്തം പേജിൽ വരുന്ന കമന്റുകൾ ശ്രദ്ധിക്കാറുണ്ടോ?
ഫേസ് ബുക്കിൽ ഞാനത്ര ആക്ടീവല്ല. ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നത് കുറവാണ്. അത്രയും മനഃസമാധാനമുണ്ട്. വെറുതേ സമയം കളയണ്ട. ഇപ്പോൾ നല്ല കമന്റുകളാണ് ഞാനിപ്പോൾ കൂടുതലും കാണുന്നത്. ഇൻസ്റ്റഗ്രാമിന്റെയും മറ്റും തുടക്കകാലത്ത് വളരെ മോശം കമന്റിട്ടിരുന്ന ആളുകളെ അപേക്ഷിച്ച് ഇപ്പോൾ അത്തരക്കാർ കുറവാണ്. നല്ല കമന്റുകൾക്ക് സമയം കിട്ടുന്നതനുസരിച്ച് മറുപടി കൊടുക്കാറുണ്ട്.
സിനിമയില്ലാത്ത സമയം ചെലവഴിക്കുന്നതെങ്ങനെയാണ്?
വീട്ടിൽ കുറേ ചെടികളുണ്ട്. അവയെ പരിപാലിക്കുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പിന്നെ വർക്കൗട്ടും കാര്യങ്ങളുമൊക്കെയുണ്ട്. ഇടയ്ക്ക് ഒാൺലൈനായി ഡിഗ്രിക്ക് പഠിത്തവുമൊക്കെയുണ്ടായിരുന്നു.
ഡിഗ്രിക്ക് ഏതായിരുന്നു മെയിൻ?
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷായിരുന്നു. പല കാരണങ്ങളാൽ എഴുതാൻ കഴിയാതെ പോയ പരീക്ഷകളുണ്ടായിരുന്നു. അതൊക്കെ എഴുതി.
നായികമാർ മിക്കവരും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്
തിരഞ്ഞെടുക്കാൻ കാരണമെന്താണ്?
കുറച്ച് എളുപ്പമുള്ളത് കൊണ്ടാവാം. പ്രൊഫഷനും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകുകയെന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. ഒാരോ സെമസ്റ്ററിനും പരീക്ഷകളുണ്ട്. ഇന്റേണൽ പരീക്ഷകളുണ്ട്. നമ്മൾ തലയിൽ കയറാത്ത ഒരു സബ്ജക്ട് എടുത്താൽ തിരക്കുകൾക്കിടയിൽ പഠിക്കാൻ പാടായിരിക്കും. അത്യാവശ്യം ജേർണലിസവും കലയുമെല്ലാം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിൽ വരുന്നുണ്ട്. ചരിത്രം, സാഹിത്യം അങ്ങനെയാണ് എല്ലാം.
പതിവായി കോളേജിൽ പോകാൻ പറ്റാതിരുന്നതിൽ
ഒരു നഷ്ടബോധമുണ്ടോ?
ഇല്ല. സ്കൂളിൽ പഠിക്കുന്ന സമയം തൊട്ടേ എന്നും പോയി അടങ്ങിയിരുന്ന് പഠിക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. എനിക്കങ്ങനെ ഒരു സ്വഭാവമില്ല. ടെൻന്തിലേക്ക് ജോയിൻ ചെയ്യുന്ന സമയത്താണ് ഞാൻ സിനിമയിലേക്ക് വരുന്നത്. അതിന് മുൻപ് സ്കൂളിൽ നിന്ന് ക്ളാസ് കട്ട് ചെയ്യാൻ ഞാൻ എന്തെങ്കിലുമൊക്കെ വഴി കണ്ടുപിടിക്കുമായിരുന്നു. പനിയാണെന്നൊക്കെ പറഞ്ഞ് ഞാൻ മാസങ്ങൾ വീട്ടിലിരുന്നിട്ടുണ്ട്. ഒറ്റ മോളായത് കൊണ്ട് ഞാൻ പറയുന്ന കൊച്ചുകൊച്ചു കള്ളങ്ങളൊക്കെ അച്ഛനും അമ്മയും വിശ്വസിക്കുമായിരുന്നു. ഡിഗ്രിക്ക് ഞാൻ ആലുവ സെന്റ് സേവ്യേഴ്സിലാണ് പഠിച്ചത്. പതിവായി കോളേജിൽ പോയിട്ടില്ലെങ്കിലും പറ്റുമ്പോഴൊക്കെ പോയിട്ടുണ്ട്. അവിടെ യൂണിഫോമൊക്കെയായിരുന്നു. കോളേജിൽ പോകുന്ന പോലെ തോന്നില്ല. സ്കൂളിൽ പോകുന്ന അതേ ഫീൽ. സൽവാറും അതിന്റെ മേലൊരു കോട്ടുമായിരുന്നു യൂണിഫോം. യൂണിഫോമിടുമ്പോൾ നമ്മുടെ മനസ് പോലും മാറിപ്പോകും. ശരിക്കും ഒരു സ്കൂൾ കുട്ടിയാണെന്നേ തോന്നൂ. ടീച്ചേഴ്സൊക്കെ വളരെ സപ്പോർട്ടീവായിരുന്നത് കൊണ്ടാണ് ഡിഗ്രി കംപ്ളീറ്റ് ചെയ്യാൻ പറ്റിയത്.
അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനച്ചടങ്ങിൽ ഹണി ധരിച്ചിരുന്ന സാരി ഹിറ്റായല്ലോ?
അതൊരു നെറ്റ് മെറ്റീരിയലാണ്. ശരിക്കും സാരിയല്ല. പലതിനുമുപയോഗിക്കാം. ഫ്ളോറൽ വർക്കുള്ള ഫാബ്രിക്ക് മെറ്റീരിയൽ വാങ്ങി ഞാനും എന്റെ ഫാഷൻ ഡിസൈനറായ ഷിജുവുംകൂടി ഡിസൈൻ ചെയ്തെടുത്തതാണ്. അണ്ടർ സ്കർട്ടിന് ബ്രൊക്കേഡ് പോലെയുള്ള ഒരു മെറ്റീരിയലെടുത്തു. ബ്ളൗസ് പീസിനും അതുതന്നെ കൊടുത്തു. എറണാകുളത്ത് ഗുഡ്വിൽ എന്ന ഷോപ്പിൽ നിന്നാണ് വാങ്ങിയത്. അവിടെ മെറ്റീരിയൽസ് കൂടുതൽ കിട്ടും.
എന്താണ് കോസ്റ്റ്യുംസ് ഡിസൈൻ ചെയ്യുന്നതിലെ റെഫറൻസ്?
ഫങ്ഷൻസിനൊക്കെ പോകും മുൻപ് ഏത് കളർ വേണം എങ്ങനെയുള്ള കോസ്റ്റ്യുംസ് വേണമെന്നൊക്കെ തീരുമാനിക്കാറുണ്ട്. അടുത്തിടെ ആന്റണിച്ചേട്ടന്റെ (ആന്റണി പെരുമ്പാവൂർ) മകളുടെ കല്യാണ റിസപ്ഷന് പോയപ്പോൾ ഞാൻ കറുപ്പ് നിറത്തിലുള്ള ഡ്രസാണിട്ടിരുന്നത്. കറുപ്പ് അവരുടെ തീമായിരുന്നു. ഞങ്ങളെപ്പോഴും മെറ്റീരിയൽ വാങ്ങി ഡിസൈൻ ചെയ്യുകയായിരുന്നു. ഒരു പൂജാച്ചടങ്ങിന് പോകുമ്പോൾ വെള്ളനിറത്തിലുള്ള വസ്ത്രമാണെങ്കിൽ കുറേക്കൂടി ഗംഭീരമായിരിക്കും. ഞാൻ വെള്ള വസ്ത്രങ്ങൾ അധികം ഉപയോഗിച്ചിട്ടില്ല.
സാരിയാണോ ഏറ്റവും കംഫർട്ടബിളായ വേഷം?
അല്ല. സാരി ഒട്ടും കംഫർട്ടല്ല. സാരിയുടുക്കാൻ പാടാണ്. സാരിയുടുത്ത് എവിടെയെങ്കിലും പോയാലും സാരി ഉടയാതെ വടിപോലെ നിൽക്കണം. ഡിസൈനർ സാരികളാണെങ്കിൽ പറയുകയും വേണ്ട. പക്ഷേ ഫങ്ഷൻസിനൊക്കെ സാരിയുടുത്ത് ചെല്ലുമ്പോൾ നന്നായിട്ടുണ്ടെന്ന് എല്ലാവരും പറയാറുണ്ട്. സാരിയുടുക്കുമ്പോൾ ഏത് പെണ്ണും കൂടുതൽ സുന്ദരിയാകും. സാരിക്കൊപ്പം മേയ്ക്കപ്പും ഹെയർ സ്റ്റൈലും ആഭരണങ്ങളുമൊക്കെ വരുമ്പോൾ കൂടുതൽ റിച്ച് നെസ് തോന്നും. വേറൊരു കോസ്റ്റ്യുമാണെങ്കിൽ അത്രയും റിച്ച് നെസ് കൊണ്ടുവരാൻ പറ്റില്ല.
ഏറ്റവും ഇഷ്ടപ്പെട്ട നിറമേതാണ്?
കറുപ്പാണ്. എനിക്ക് കൂടുതലുമുള്ളത് കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ്. എപ്പോഴും ഞാൻ പ്രിഫർ ചെയ്യുന്ന നിറം കറുപ്പാണ്. ഫോട്ടോ ഷൂട്ടിനായാലും ഫങ്ഷൻസിന് പോകുമ്പോഴായാലും ഞാൻ ഇഷ്ടപ്പെടുന്നത് കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ്. ഇപ്രാവശ്യം ഒരു ചെയ്ഞ്ചായിക്കോട്ടെയെന്ന് കരുതിയാണ് വെളുപ്പുനിറം തിരഞ്ഞെടുത്തത്.
പുതിയ വേഷത്തിൽ കാണാനൊരു മണവാട്ടിയെപ്പോലെയുണ്ടെന്ന് പലരും പറയുന്നുണ്ട്?
(ചിരി) അടുത്ത ചോദ്യമെന്താണെന്ന് മനസിലായി. കല്യാണം ഉടനെയൊന്നുമില്ല. സമയമായിട്ടില്ല.
വീണ്ടും തമിഴിൽ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ?
അതെ. സുന്ദർ സി. സാറിന്റെ പ്രൊഡക്ഷൻ കമ്പനിയാണ് നിർമ്മിക്കുന്നത്. അദ്ദേഹവും ജയ്യുമാണ് നായകന്മാർ. ബദ്രിയാണ് സംവിധായകൻ. വലിയൊരു ഗ്യാപ്പിന് ശേഷമാണ് ഞാനൊരു തമിഴ് സിനിമ ചെയ്യുന്നത്. ഒരു ജേർണലിസ്റ്റിന്റെ വേഷമാണെനിക്ക്. നന്നായി പെർഫോം ചെയ്യാൻ സ്കോപ്പുള്ള ഒരു കഥാപാത്രമായതുകൊണ്ടാണ് ആ സിനിമ കമ്മിറ്റ് ചെയ്തതും. ഒരു ക്രൈം ത്രില്ലറാണ്.
സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ഏത് പ്രൊഫഷൻ തിരഞ്ഞെടുക്കുമായിരുന്നു.
കലയുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രൊഫഷൻ തന്നെ ഞാൻ തിരഞ്ഞെടുക്കുമായിരുന്നു. പെയിന്റിംഗ് വളരെ ഇഷ്ടമായിരുന്നു. ഡിസൈനിംഗും ഇഷ്ടമാണ്.
'അമ്മ" നിർമ്മിക്കുന്ന സിനിമയിൽ അഭിനയിക്കുന്നില്ലേ?
ഞാനും അതിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ നൂറ്റിനാല്പതോളം ആർട്ടിസ്റ്റുകളുണ്ട്. ഡിസ്ക്കഷൻ നടക്കുന്നതേയുള്ളൂ. ഇൗവർഷംതന്നെ ആ സിനിമയുണ്ടാകും. ഞാനും അതിന്റെ ഒരു ഭാഗമായിരിക്കുമെന്ന് വിശ്വസിക്കുന്നു. കഥയ്ക്കാവശ്യമുള്ള അഭിനേതാക്കളുണ്ടാവും. ചിലപ്പോൾ എനിക്ക് ചേരുന്ന കഥാപാത്രമില്ലെങ്കിൽ ഞാനുണ്ടാവില്ല. മലയാളത്തിൽ വേറെയും ചില പ്രോജക്ടുകളുണ്ട്. ചർച്ച നടക്കുന്നതേയുള്ളൂ.