ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ പെണ്ണുങ്ങൾ തങ്ങളുടെ അടുക്കള വിശേഷങ്ങൾ പങ്കുവയ ്ക്കുന്നു...
കബനി
''സ്ഥിരം വേലക്കാരി വേഷങ്ങളാണ് തേടി വരാറുള്ളത്. ജിയോ ചേട്ടന്റെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. ആ പരിചയത്തിന്റെ പുറത്താണ് ജിയോ ചേട്ടൻ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ വേലക്കാരി വേഷത്തിനായി ക്ഷണിക്കുന്നത്. സ്ഥിരം വേലക്കാരിയുടെ വേഷം ചെയ്ത ഞാൻ വീണ്ടും അതേ വേഷം ചെയ്യണോ എന്നൊരു സംശയം ഉണ്ടായിരുന്നു. അപ്പോഴാണ് ജിയോ ചേട്ടൻ ഉഷയുടെ ഡയലോഗ് വായിച്ചത്. പിന്നെ ഒന്നും നോക്കിയില്ല ഞാൻ ഒകെ പറയുകയായിരുന്നു. ആ സിനിമ ഒരു പ്രേക്ഷക എന്ന് നിലയിൽ കാണുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഞാൻ ചെയ്ത ഉഷയുടെ കഥാപാത്രമാണ്.സിനിമയുടെ തുടക്കം എന്റെ പാട്ടിൽ തുടങ്ങും അവസാനവും എന്റെ പാട്ടിൽ. ജിയോ ചേട്ടൻ പറഞ്ഞിരുന്നു എന്നിലൂടെയാണ് കഥ മുന്നോട്ട് പോവുന്നതെന്ന്. ഞാൻ ഒരു ദളിതാണ് .സാധാരണ ദളിത് വേലക്കാരികൾക്ക് മലയാള സിനിമയിൽ വ്യക്തമായ വ്യക്തിത്വം കൊടുക്കാറില്ല.ജിയോ ചേട്ടന്റെ അടുക്കളയിലെ എല്ലാ കഥാപാത്രത്തിനും വ്യക്തമായ രാഷ്ട്രീയമുണ്ട്. ആരും വെറുതേ വന്നു പോവുന്നവരല്ല. കാലങ്ങളായി കൊണ്ട് നടക്കുന്ന അനാചാരങ്ങളെ ഒറ്റ ഡയലോഗ് കൊണ്ട് ഉഷ പുല്ലുവില കൽപ്പിക്കുന്നത് , ജീവിക്കണമെങ്കിൽ പണിയെടുക്കണമെന്ന് ഉഷ പറയുമ്പോൾ അത് ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി മാത്രമാണ് പറയാനുള്ളത്.""ജിയോ ബേബിയുടെ അടുക്കളയെ മനോഹരമാക്കിയ വേലക്കാരി ഉഷ കബനിയാണ്. നാടക പ്രവർത്തകയാണ്.
രമദേവി
''ജിയോ സിനിമയ്ക്ക് വേണ്ടി വിളിച്ചപ്പോൾ കുലസ്ത്രീയുടെ വേഷമാണെന്നാണ് പറഞ്ഞത്.ഞാൻ ജനിച്ചു വളർന്നതെല്ലാം നാട്ടിൻപുറത്താണ്. അതുകൊണ്ട് തന്നെ അത്തരത്തിലൊരു അമ്മായിയുടെ കഥാപാത്രം ഒട്ടും അപരിചിതമല്ലായിരുന്നു. ശാസ്ത്രം എത്ര പുരോഗമിച്ചാലും നമുക്ക് ചുറ്റും ഇപ്പോഴും പല അനാചാരങ്ങൾ നിലകൊള്ളുന്നുണ്ട്. ജിയോയുടെ അടുക്കളയിലെ ഓരോ കഥാപാത്രങ്ങളും സമൂഹത്തെ പ്രതിനിധികരിക്കുന്നതാണ്. മലയാള സിനിമയിലെ നായികമാർ പോലും നായകന്മാരുടെ പുറകിലെ നിഴൽ മാത്രമായി ഒതുങ്ങുന്ന സിനിമകളുണ്ട്. എന്നാൽ ജിയോയുടെ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റിയുണ്ട് .ഈ സിനിമ കംപ്ലീറ്റ് ജിയോ ബേബി ബ്രില്ലൻസാണ്.ഞാൻ ഒരു അമ്മായിമ്മയാണ്.മരുമകളുടെ അടുത്ത് ഞാൻ നല്ല ഫ്രണ്ട്ലിയാണ്. എന്റെ വീട്ടിൽ അച്ഛനും അമ്മയും ഉദ്യോഗസ്ഥരായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ ചെറുപ്പം മുതൽ വീട്ടിലെ പണികൾ ഷെയർ ചെയ്താണ് ചെയ്തിരുന്നത്. അച്ഛൻ അമ്മയെ സഹായിക്കാറുണ്ട്. ഇപ്പോഴാണേലും എന്റെ ഭർത്താവും മക്കളുമെല്ലാം അടുക്കളയിൽ സഹായിക്കുകയും ജോലികൾ ചെയ്യാറുമുണ്ട്. "" ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ അമ്മായിയുടെ വേഷത്തിലെത്തിയ രമദേവി നാടക നടിയും യോഗ അദ്ധ്യാപികയുമാണ്.
അജിത
''സുരാജിന്റെ അമ്മയായി എല്ലാം കടിച്ചമർത്തി നിന്ന അമ്മയുടെ വേഷമല്ല ഞാൻ ജീവിതത്തിൽ. നിമിഷ അവതരിപ്പിച്ച പേരില്ലാത്ത കഥാപത്രത്തിലൂടെ ഞാൻ കണ്ടത് എന്നെ തന്നെയാണ്. സിനിമയിൽ നിമിഷ ചെളിവെള്ളം മുഖത്ത് ഒഴിച്ച് ഇറങ്ങി വന്നപോലെ ഒമ്പത് വർഷം മുൻപ് ഇരുട്ടായി തീർന്ന എന്റയൊരു ജീവിതത്തിൽ നിന്ന് ഞാൻ ഇറങ്ങി വന്നതാണ്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ അന്ന് ഞാൻ അനുഭവിച്ച വേദനയായിരുന്നു എന്റെ ഉള്ളു നിറയെ. ഞാൻ അദ്ധ്യാപികയായിരുന്നു. ആദ്യ വിവാഹം കഴിഞ്ഞു ഒന്നര വർഷത്തിന്റെയുള്ളിൽ ഭർത്താവ് മരിച്ചു. അത് വലിയ ഷോക്കായിരുന്നു. ചെറിയൊരു കൈകുഞ്ഞും. അതിൽ നിന്നെല്ലാം മാറി വരാൻ സഹായിച്ചത് നാടകവും സൗഹൃദവും മോനുമായിരുന്നു. അതിനു ശേഷം രണ്ടാമത് വിവാഹം കഴിച്ചു, കണ്ണൂരായിരുന്നു സ്ഥലം. നല്ല വിദ്യാഭ്യാസമുള്ള ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന വ്യക്തി. വിദ്യാഭ്യാസവും സംസ്കാരവും രണ്ടാണെന്ന് അയാളിൽ നിന്നാണ് ഞാൻ പഠിച്ചത്. മുഴുവൻ സമയവും അടുക്കളയിൽ ജീവിതം തീരുമെന്ന അവസ്ഥ. വീട്ടു സാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തു പോവുന്നു. അല്ലാതെ പുറത്തുപോകണമെങ്കിൽ അയാളുടെ സമ്മതത്തിനായുള്ള കാത്തിരിപ്പ്. അയാൾ ഭക്ഷണം കഴിച്ച പാത്രത്തിൽ ഭക്ഷണം കഴിക്കുന്നു. അയാളുമായുള്ള ദാമ്പത്യത്തിൽ എനിക്കൊരു മോൻ ഉണ്ടായി. മോനുമായി ആത്മഹത്യാ ചെയ്യാമെന്ന തീരുമാനത്തിൽ പോലും എത്തിയ സമയം ഉണ്ടായിരുന്നു. എന്റെ ചേച്ചിയുടെ ഒറ്റ ഫോൺ വിളിയാണ് ഇന്നത്തെ എന്നെയാക്കി മാറ്റിയത്. അന്ന് ആ വീട്ടിൽ നിന്ന് എന്റെ ഈ കാണുന്ന ജീവിതത്തിലേക്ക് പതിനെട്ടു രൂപയുടെ ട്രെയിൻ ടിക്കറ്റിന്റെ വില ഉണ്ട്. അമച്വർ നാടകങ്ങളിൽ നിറസാന്നിദ്ധ്യമാണ്. നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. "" സുരാജിന്റെ അമ്മയായി സ്വന്തം സ്വപ്നങ്ങളെ അടുക്കളയിൽ തളച്ചിടുന്ന അമ്മയല്ല ജീവിതത്തിൽ അജിത . വെല്ലുവിളികൾ ഏറെയുണ്ടായിട്ടും സ്വന്തം ജീവിതത്തെ നിശ്ചയദാർഢ്യത്തോടെ കണ്ട് പോരാടി കിട്ടിയ ജീവിതത്തിൽ അഭിമാനം കൊള്ളുന്ന വ്യക്തിത്വമാണ് അജിതയുടേത്.
അനഘ അശോക്
''ഒറ്റ സീനിൽ വരുന്ന നിമിഷയുടെ കൂട്ടുകാരിയുടെ വേഷമാണ് ചെയ്തത്. കപ്പേളയിൽ ചെറിയ വേഷത്തിൽ എത്തിയിരുന്നു.കപ്പേളയുടെ സംവിധായകൻ മുസ്തഫയാണ് എന്നെ ജിയോ ചേട്ടന്റെ അടുക്കളയിലേക്ക് സജസ്റ്റ് ചെയ്തത്. ചെറിയ വേഷമാണെങ്കിൽ പോലും ഇത്തരത്തിലൊരു നല്ലൊരു സിനിമയുടെ ഭാഗമാവണമെന്ന് മാത്രമാണ് ആഗ്രഹിച്ചത്. സിനിമയിൽ വന്നു പോകുന്ന എല്ലാവർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. അവർ എല്ലാം പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്. നിമിഷ അനുഭവിക്കുന്ന അവസ്ഥയുടെ വിപരീതമായ അവസ്ഥയാണ് ഞാൻ സിനിമയിൽ അനുഭവിക്കുന്നത്. തന്റെ ഭർത്താവിലൂടെയാണ് എല്ലാ ആണുങ്ങളും ഒരുപോലെയല്ലെന്ന് ജിയോ ചേട്ടൻ പറഞ്ഞു വയ്ക്കുന്നത്. ചെറിയ പ്രായത്തിൽ എന്റെ തറവാട്ട് വീട്ടിൽ പൂജ മുറിയെല്ലാം ഉണ്ടായത് കൊണ്ട് പീരീഡ്സ് ആയാൽ സിനിമയിൽ കാണിക്കുന്നത് പോലെ വേറെ ഇരിക്കുന്ന രീതിയെല്ലാം ചെറുപ്പത്തിൽ അനുഭവിച്ചിട്ടുണ്ട്. "" പേരില്ലാത്ത നിമിഷയുടെ കൂട്ടുകാരിയായി എത്തിയ അനഘ അശോക് സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം പഠിക്കുന്നു. സിനിമയാണ് പാഷൻ.