മുംബയ്: ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ നടി കങ്കണ റണാവത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബയ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി. സ്വകാര്യ വാർത്താ ചാനലിൽ നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നക്കുറിച്ച് അപകീർത്തികരമായ പ്രസ്താവന നടത്തിയതിനാണ് കങ്കണയ്ക്കെതിരെ ജാവേദ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കോടതി കങ്കണക്ക് സമൺസ് അയച്ചിരുന്നു. ഇന്നലെ ജാവേദിന്റെ അഭിഭാഷകൻ നിരഞ്ജന്റെ വാദങ്ങൾ കേട്ട ശേഷമായിരുന്നു കോടതി നടപടി. ജാവേദും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കോടതി ഉത്തരവ് ലഭിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.