506 എന്ന വാഹന നമ്പറിന്റെ പ്രശസ്തിയുമായി അരനൂറ്റാണ്ടിലേറെക്കാലം ടാക്സിയോടിച്ച ഗോപി ജോലിയിൽ നിന്ന് വിരമിച്ചു.
കളമശേരി: 52 വർഷം വളയം പിടിച്ച കൈകൾക്ക് ഇപ്പോൾ വിശ്രമജീവിതത്തിന്റെ ആനന്ദം. ഫാക്ട് കവലയിലെ ഗോപി, അഥവാ 506 ഗോപിക്ക് പ്രായം 75 കഴിഞ്ഞെങ്കിലും ടാക്സി ഡ്രൈവർ ജോലിയിൽ നിന്ന് വിരമിക്കാൻ മഹാമാരിക്കാലം എത്തേണ്ടി വന്നു.
സ്വന്തം കാറിന്റെ നമ്പറിന്റെ പേരിൽ നാട്ടിലറിയപ്പെടാൻ അസുലഭ ഭാഗ്യം ലഭിച്ചയാളാണ് 506 ഗോപി. കെ.എൽ.ആർ 506 എന്ന അംബാസഡർ കാറാണ് കാരണം. കുറച്ചുനാൾ മുമ്പ് അംബാസഡർ മാറ്റി മാരുതി ഡിസയർ പുതിയ നമ്പറിൽ എത്തിയപ്പോഴും 506 ഗോപിയിൽ പേരിൽ നിന്ന് പോയില്ല.
മാതൃകാ ജീവിതമാണ് ഗോപിയുടേത്. തീർത്തും സസ്യഭുക്ക്. നിത്യവും ക്ഷേത്രദർശനം കഴിഞ്ഞ് ഭാര്യ രാജി നൽകുന്ന ചോറുപാത്രവുമായി പുലർച്ചെ തന്നെ ഫാക്ട് ജംഗ്ഷനിലെ സ്റ്റാൻഡിലെത്തും. വളയം പിടിച്ച് കിട്ടിയ വരുമാനം കൊണ്ട് തന്നെയാണ് നാലു പെൺമക്കളെ ഉന്നത വിദ്യാഭ്യാസം കൊടുത്ത് നല്ല രീതിയിൽ വിവാഹം കഴിച്ചയച്ചത്. ആകെയുണ്ടായിരുന്ന ദുശീലം പുകവലിയാണ് ശ്വാസകോശം സ്പോഞ്ചാകാതിരിക്കാൻ അതും നിറുത്തി.
ഫാക്ട്, എച്ച്.ഐ.എൽ, ടി.സി.സി, ടി.സി.എം തുടങ്ങിയ കമ്പനികളിലൊക്കെ കരാർ പണി ചെയ്ത് മടുത്താണ് ടാക്സിയുമായെത്തിയത്. 50 ഓളം ടാക്സികൾ ഓടിയ ഫാക്ട് സ്റ്റാൻഡിൽ ഇന്ന് അര ഡസൻ മാത്രം. ഇടയ്ക്കൊരു പരീക്ഷണം നടത്തി ഫാക്ടിലെ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണപിള്ളയുമായി ചേർന്നു ബസ് വാങ്ങി ഏലൂർ - ഐലന്റ് റൂട്ടിൽ ഓടിച്ചു. അത് സത്യൻ അന്തിക്കാടിന്റെ വരവേൽപ്പ് സിനിമ പോലെയായി. അങ്ങിനെ വലിയ താമസമില്ലാതെ 'ഗോപീകൃഷ്ണ' ബസ് കട്ടപ്പുറത്തായി.
അരനൂറ്റാണ്ടിലേറെ ചെയ്ത ജോലി കൊവിഡിനെ പേടിച്ചും വീട്ടുകാരുടെ നിർബന്ധം കൊണ്ടുമാണ് ഡ്രൈവിംഗ് ജോലി നിറുത്തിയത്. 506 എന്ന പേരിൽ സന്തോഷവും അഭിമാനവുമുണ്ട്. ജീവിതം സഫലമാണ്. ദൈവാനുഗ്രഹം. ഇനി സ്വസ്ഥമായി ശിഷ്ടകാലം മുന്നോട്ടുപോകണം. 506 ഗോപി പറഞ്ഞു നിറുത്തി.