തിരുവനന്തപുരം: പൊലീസിനെയും എക്സൈസിനെയും വെട്ടിച്ച് കഞ്ചാവും ലഹരിവസ്തുക്കളും കടത്താൻ ബംഗളൂരുവിലെ മലയാളി വിദ്യാർത്ഥിനികളെ കാരിയർമാരാക്കി ലഹരി മാഫിയ. കേരളത്തിൽ നിന്ന് കർണാടകയുടെയും തമിഴ്നാടിന്റെയും വിവിധ ഭാഗങ്ങളിൽ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ, മെഡിക്കൽ എൻജിനിയറിംഗുമുൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾ എന്നിവയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് ലഹരി മാഫിയ സംഘം കാരിയർമാരാക്കി കെണിയിലാക്കുന്നത്.
വിദ്യാർത്ഥിനികൾ ലഹരിക്ക് അടിമകൾ
കൊല്ലത്ത് അടുത്തിടെ എക്സൈസ് പിടികൂടിയ കഞ്ചാവ് കേസിൻ്റെ തുടർ അന്വേഷണത്തിലാണ് ബംഗളൂരുവിൽ ഫോറൻസിക് സയൻസ് വിദ്യാർത്ഥിനികളായ രണ്ട് പെൺകുട്ടികൾ ലഹരി വസ്തുക്കളുടെ കാരിയർമാരായ വിവരങ്ങൾ പുറത്തായത്. കൂടുതൽ അന്വേഷണത്തിൽ നിരവധി പെൺകുട്ടികൾ ഇത്തരത്തിൽ വഴിതെറ്റി ലഹരിക്ക് അടിമകളായതിൻ്റെ സൂചനകളും എക്സൈസിന് ലഭിച്ചു. ബംഗളുരുവിൽ നിന്നും മറ്റ് സ്ഥലങ്ങളിൽനിന്നും നാട്ടിലേക്ക് വരുന്ന പെൺകുട്ടികളുടെ ബാഗേജുകളിൽ കിലോ കണക്കിന് കഞ്ചാവോ മയക്കുമരുന്നോ കടത്തിയാൽ പരിശോധനയിൽ പിടിക്കപ്പെടാനുള്ള സാദ്ധ്യത വിരളമായതിനാലാണ് ലഹരി മാഫിയ ഇവരെ ഉപയോഗിച്ച് തുടങ്ങിയത്.
റൊമാന്റിക് ഹീറോകൾ പറഞ്ഞാൽ എന്തും ചെയ്യും
നാട്ടിലെ ഇവരുടെ സഹപാഠികളോ ബോയ് ഫ്രണ്ട്സോ ആണ് ലഹരി കടത്ത് സംഘങ്ങൾക്ക് പെൺകുട്ടികളെ പരിചയപ്പെടുത്തുന്നത്. കഞ്ചാവിനോ ലഹരിക്കോ അടിമകളായ യുവാക്കൾ തങ്ങൾക്ക് പണച്ചെലവില്ലാതെ യഥേഷ്ടം ലഹരി ആസ്വദിക്കാനാണ് അടുപ്പക്കാരായ പെൺകുട്ടികളെ ലഹരിവസ്തുക്കളുടെ കടത്തിനായി നിയോഗിക്കുന്നത്. റൊമാൻ്റിക് ഹീറോകൾ പറഞ്ഞാൽ എന്തും ചെയ്യാൻ മടിക്കാത്ത പെൺകുട്ടികളിൽ ചിലരാണ് വരുംവരായ്കകളെപ്പറ്റിയുള്ള വീണ്ടുവിചാരമില്ലാതെ ഇത്തരം കെണിയിൽ വീഴുന്നത്. മംഗലാപുരം,ബംഗളുരൂ, ചെന്നൈ, കന്യാകുമാരി, നാഗർകോവിൽ എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികളാണ് ലഹരി കടത്തിൽ പങ്കാളികളാകുന്നത്.
ലഹരിക്കൊപ്പം പാരിതോഷികങ്ങളും
ഫോണിലൂടെയോ നേരിട്ടോ അടുപ്പക്കാരായ യുവാക്കളുടെ സഹായത്തോടെ പെൺകുട്ടികളുമായി സംസാരിച്ച് ധാരണയിലെത്തുകയാണ് സംഘം ആദ്യം ചെയ്യുക. പിടിക്കപ്പെടില്ലെന്ന ഉറപ്പിൽ റിസ്കെടുക്കാൻ തയ്യാറാകുന്ന പെൺകുട്ടികൾക്ക് മൊബൈൽഫോണോ, പണമോ, വസ്ത്രങ്ങളോ എന്നുവേണ്ട എന്തും നൽകാൻ ലഹരി മാഫിയാ സംഘം തയ്യാറാകും. തുടക്കത്തിൽ ഇവരുടെ സുഹൃത്തോ കാമുകനോആയ യുവാവിനെയും കൂട്ടിയാകും ലഹരിക്കടത്ത് ആസൂത്രണം ചെയ്യാൻ സംഘം പെൺകുട്ടികളെ സമീപിക്കുക. നേരിൽക്കണ്ട് ഡീൽ ഉറപ്പിച്ചാൽ ട്രെയിൻമാർഗമോ ബസ് മാർഗമോ നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും പോക്കറ്റ് മണിയും കൈമാറും.
ഹോസ്റ്റലിൽ നിന്നിറങ്ങുമ്പോൾ കവർ എത്തും
ഹോസ്റ്റലിൽ നിന്ന് നാട്ടിലേക്ക് പോരാൻ ബസ് സ്റ്റേഷനിലോ റെയിൽവേ സ്റ്റേഷനിലോ എത്തും മുമ്പ് മർദ്ദിച്ചൊതുക്കിയ നിശ്ചിത കിലോഗ്രാം വീതം തൂക്കമുള്ള കഞ്ചാവ് ട്രോളി ബാഗിലോ ഹാന്റ് ബാഗിലോ ആക്കി വഴിമദ്ധ്യേ ഇവർക്ക് കൈമാറും. റെയിൽ വേസ്റ്റേഷനിൽ നിന്ന് ബാഗേജുകളുമായി ബസിലോ ട്രെയിനിലോ സാധാരണയാത്രക്കാരെ പ്പോലെ ഇവർ നാട്ടിലേക്ക് തിരിക്കും. പലപ്പോഴും അടുത്തദിവസം പുലർച്ചെ കേരളത്തിലെത്തുംവിധത്തിലുള്ള വാഹനങ്ങളിലായിരിക്കും ഇവർക്ക് ടിക്കറ്റെടുത്ത് നൽകുക. നാട്ടിലെത്തുന്ന സമയവും ഇറങ്ങുന്ന സ്റ്റോപ്പും മുൻകൂട്ടി അറിയാവുന്നതിനാൽ ലഹരിമാഫിയ സംഘം അവിടെ കാത്ത് നിന്ന് തങ്ങളുടെ ലഗേജ് ഏറ്റുവാങ്ങിപ്പോകും.
വെളിപ്പെടുത്തില്ലെന്ന ധൈര്യം
പേടി കാരണം പെൺകുട്ടികൾ ഇക്കാര്യം മറ്റാരോടും ഷെയർ ചെയ്യാത്തതിനാൽ ഒറ്റുകാരെപേടിക്കാതെ ആഡംബര കാറിലോ ട്രെയിനിലോ ഇവർ കടത്തികൊണ്ടുവരുന്നതിലും സുരക്ഷിതമായി സാധനം നാട്ടിലെത്തുമെന്നതാണ് ലഹരി മാഫിയകളുടെ നേട്ടം. ആദ്യമൊക്കെ ഒന്നോ രണ്ടോ ട്രിപ്പിൽ സുഹൃത്തായ ആൺകുട്ടിയെകൂടെ കൂട്ടിന് നിയോഗിക്കാറുണ്ടെങ്കിലും സുരക്ഷിതമാണെന്ന് ബോദ്ധ്യപ്പെട്ടാൽ പിന്നീട് അതിൻ്റെ ആവശ്യവും വേണ്ടിവരുന്നില്ല. ക്രമേണ ലഹരിമാഫിയ സംഘവുമായി അടുപ്പത്തിലാകുന്ന പെൺകുട്ടികളെ പലവിധത്തിൽ കെണിയൊരുക്കി തങ്ങളുടെ സംഘത്തിലാക്കുന്നതാണ് ഇവരുടെ രീതി.
ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് ചൂഷണം
ഇതിനായി സുഹൃത്തായ യുവാവിനൊപ്പം കറങ്ങാനും മറ്റ് കാര്യങ്ങൾക്കും പണം നൽകുന്ന സംഘം ലഹരിമാഫിയയുമൊത്തുള്ള നിമിഷങ്ങളുടെ വീഡിയോകളും ഫോട്ടോകളും ഫോൺകോൾ റെക്കോഡിംഗുകളും പണം കൈമാറിയ തെളിവുകളും മറ്റും ഉപയോഗിച്ചാണ് ഇവരെ ചൂഷണം ചെയ്യുക. ലഹരി ഉപയോഗിക്കാൻ കൂടി ശീലിപ്പിച്ചാൽ പിന്നീട് പണമോ പാരിതോഷികമോ കൂടാതെ ലഹരിക്കായി കള്ളക്കടത്തിന് തയ്യാറാകുന്ന നിലയിലേക്ക് പെൺകുട്ടികളെത്തും. സാമ്പത്തികമായി പിന്നാക്കം നിൽകുന്ന പെൺകുട്ടികളാണ് മുമ്പ് ഇത്തരം കെണികളിൽ അകപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ആർഭാടത്തിനായി സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിലെ കുട്ടികളും ഇത്തരത്തിൽ വഴിതെറ്റിപ്പോകുന്നുണ്ട്.
ടൂർ പോയ സംഘം പിടിയിലായി
കൊല്ലത്ത് അടുത്തിടെ മറ്റൊരു കഞ്ചാവ് കേസിൽ കഷ്ടിച്ച് പതിനെട്ട് വയസായ മൂന്ന് പയ്യൻമാരെ പിടികൂടിയതും സാമ്പത്തികശേഷിയുള്ള വീട്ടിലെ കുട്ടികൾ വഴിതെറ്റുന്നതിൻ്റെ മറ്റൊരു ഉദാഹരണമായിരുന്നു. കൂട്ടുകാരായ ഇവരിലാെരാൾക്ക് ആഡംബര മൊബൈൽ വാങ്ങാൻ വീട്ടുകാർ പണം നൽകാൻ തയ്യാറായിരുന്നില്ല. കൂട്ടുകാരന് മൊബൈൽഫോൺ വാങ്ങാനുള്ള പണം കണ്ടെത്താനാണ് കിലോഗ്രാമിന് 3000 രൂപ വീതം പ്രതിഫലം പറഞ്ഞുറപ്പിച്ച് മൂന്നംഗ സംഘം ബംഗളൂരുവിൽ നിന്ന് കഞ്ചാവ് കൊല്ലത്തെത്തിക്കാൻ തയ്യാറായത്. കഞ്ചാവുമായി കൊല്ലത്തെത്തുന്നതിനിടെ വിവരം മണത്തറിഞ്ഞ എക്സൈസ് സംഘം മൂവരെയും പൊക്കിയപ്പോഴാണ് ടൂർ പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ട മക്കൾ കഞ്ചാവ് കടത്താനാണ് പോയതെന്ന് വീട്ടുകാർ അറിയുന്നത്.
ഫോറൻസിക് വിദ്യാർത്ഥിനികൾക്ക് താക്കീത്,
കൂടുതൽ പേർ നിരീക്ഷണത്തിൽ
കഞ്ചാവ് കേസ് പ്രതിയുടെ മൊഴിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫോറൻസിക് സയൻസ് വിദ്യാർത്ഥികളുടെ വീടുകളിൽ എക്സൈസ് സംഘം പരിശോധനയും റെയ്ഡും നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇരുവരും കഞ്ചാവോ ലഹരി വസ്തുക്കളോ ഉപയോഗിക്കുന്ന പ്രകൃതക്കാരുമല്ല. പ്രതിയുടെ മൊഴിയല്ലാതെ കൂടുതൽ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ തൽക്കാലം ഇവരെ കേസിൽ പ്രതിയാക്കിയിട്ടില്ലെങ്കിലും ഇരുവരും എക്സൈസിൻ്റെ നിരീക്ഷണത്തിലാണ്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ട്രെയിനുകളിലും ബസുകളിലും വിദ്യാർത്ഥിനികൾക്കൊപ്പം അകമ്പടിയാത്ര നടത്തുന്ന യുവാക്കളുൾപ്പെടെ കൂടുതൽ പേരെ എക്സൈസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ട്രെയിനുകളിലും ബസുകളിലും പെൺകുട്ടികളുടെ ബാഗേജുകളും സംശയമെന്ന് കണ്ടാൽ പരിശോധിക്കാൻ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെയും റെയിൽവേ പൊലീസ്, ആർ.പി.എഫ് ഉദ്യോഗസ്ഥരുടെയും സഹായം തേടുമെന്ന് എക്സൈസ് അറിയിച്ചു.