കൊല്ലം: ഉത്രയുടെ ആന്തരികാവയവങ്ങൾ, കടിയേറ്റിടത്തെ തൊലി, രക്തം എന്നിവയുടെ രാസപരിശോധന നടത്തിയെന്നും രക്തത്തിലും കടിയേറ്റിടത്തെ തൊലിയിലും മൂർഖന്റെ വിഷവും ആന്തരികാവയവങ്ങളിൽ സിട്രിസിൻ എന്ന മരുന്നും കണ്ടെത്തിയെന്നും തിരുവനന്തപുരം കെമിക്കൽ അനാലിസിസ് ലബോറട്ടറിയിലെ കെമിക്കൽ എക്സാമിനർ യുറേക്ക മൊഴി നൽകി. ഉത്രവധക്കേസിൽ കൊല്ലം ആറാം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജിന് മുന്നിലുള്ള വിസ്താരത്തിനിടെയാണ് മൊഴി. പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് പുറത്തിറക്കിയ മൂർഖനെക്കൊണ്ട് ഉത്രയുടെ കൈയിൽ രണ്ട് തവണ കടിപ്പിച്ചെന്നും സംഭവത്തിൽ തനിക്ക് മാത്രമേ പങ്കുള്ളൂവെന്ന് സൂരജ് വെളിപ്പെടുത്തിയെന്നും വനം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസറായ ബി.ആർ. ജയൻ മൊഴി നൽകി. ഉത്രയുടെ വീട്ടിൽ നിന്ന് കുഴിച്ചെടുത്ത പാമ്പ്, പ്ലാസ്റ്റിക് കുപ്പി, ഷോൾഡർ ബാഗ്, ഉത്രയുടെ നൈറ്റി, കിടന്നിരുന്ന ബെഡ് ഷീറ്റ് എന്നിവയുടെ ഡി.എൻ.എ പരിശോധന നടത്തിയതായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജി ഡി.എൻ.എ വിഭാഗത്തിലെ സയന്റിഫിക് ഓഫീസർ സുരേഷ് കുമാർ മൊഴി നൽകി. പാമ്പിന്റെ സാമ്പിളും പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് തുടച്ചെടുത്ത നഗ്നനേത്രത്തിന് കാണാൻ കഴിയാത്ത കോശങ്ങൾ പരിശോധിച്ചതിൽ നിന്നും അത് ‘നാജനാജ’ എന്ന മൂർഖന്റെ ഡി.എൻ.എ ആണെന്നും കണ്ടെത്തി. ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസഥരുടെ സാക്ഷി വിസ്താരം ആരംഭിക്കും.