ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൊച്ചിയിലെ പ്രത്യേക കോടതിക്ക് ആറ് മാസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി. പ്രത്യേക വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ അപേക്ഷ പരിഗണിച്ചാണിത്.
2019 നവംബർ 29നാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് വിചാരണ ആറ് മാസം കൊണ്ട് പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടത്. എന്നാൽ കൊവിഡിൽ വിചാരണവീണ്ടും നീണ്ടതോടെ 2020 ആഗസ്റ്റിൽ കേസ് പരിഗണിച്ച സുപ്രീംകോടതി ആറ് മാസം കൂടി അനുവദിച്ചിരുന്നു. വിചാരണക്കോടതിയിലെ നടപടികൾ 2021 ഫെബ്രുവരി ആദ്യ വാരം പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം.