കൊച്ചി: കോഫി/ടീ മെഷീൻ സ്ഥാപിക്കാൻ മുൻകൈയ്യെടുത്ത സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് വീണ്ടും വിവാദത്തിൽ അകപ്പെട്ട് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ. കളമശേരി പൊലീസ് സ്റ്റേഷനിൽ കോഫീ/ടീ വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ മുൻകൈയ്യെടുത്ത പൊലീസുകാരൻ സിപി രഘുവിനെയാണ് ഐശ്വര്യ ഡോങ്റെ സസ്പെൻഡ് ചെയ്തത്.
സ്റ്റേഷനിൽ വരുന്നവർക്ക് കാപ്പിയും ചായയും നൽകാൻ ഉദ്ദേശിച്ചുകൊണ്ട് സ്ഥാപിച്ച വെൻഡിംഗ് മെഷീനിന്റെ ഉദ്ഘാടന പരിപാടിയിൽ സിപിഒ മാദ്ധ്യമങ്ങൾക്ക് തന്റെ അഭിമുഖം നൽകിയിരുന്നു. മേലുദ്യോഗസ്ഥരെ അറിയിക്കാതെയാണ് പൊലീസുകാരൻ അഭിമുഖം നൽകിയെന്ന് കാണിച്ചാണ് സസ്പെൻഷൻ. എന്നാൽ ഉദ്ഘാടന ചടങ്ങിലേക്ക് ഡിസിപിയെ ക്ഷണിക്കാത്തതിന്റെ വിരോധം കാരണമാണ് രഘുവിനെ സസ്പെൻഡ് ചെയ്തതെന്നാണ് പൊലീസുകാർക്കിടയിലെ അടക്കം പറച്ചിൽ.
സ്വന്തമായി കാശ് മുടക്കിയും സഹപ്രവർത്തകരിൽ നിന്നും പണം കണ്ടെത്തിയായിരുന്നു രഘു വെൻഡിംഗ് മെഷീൻ സ്ഥാപിച്ചത്. ഇക്കാര്യം മേലുദ്യോഗസ്ഥരെയും അറിയിച്ചിരുന്നു എന്നാണ് വിവരം. സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്റ്റേഷൻ കൂടുതൽ ജനസൗഹാർദ്ദമാക്കാൻ സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും തണുത്ത വെള്ളവും നൽകുന്ന പദ്ധതി നടപ്പാക്കിയതിന് ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ സ്റ്റേഷന് അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.
മുൻപ് കൊവിഡ് ഭീതി രൂക്ഷമായിരിക്കെ തെരുവിൽ ഭക്ഷണമില്ലാതെ കഴിയുന്നവർക്കും തെരുവു നായകൾക്കും ഭക്ഷണം നൽകി കളമശേരി പൊലീസ് സ്റ്റേഷൻ മാതൃക സൃഷ്ടിച്ചിരുന്നു.
എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ മഫ്തിയിൽ താൻ എത്തിയപ്പോൾ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ ഐശ്വര്യ ഡോങ്റെ വിശദീകരണം ചോദിച്ചതും തുടർന്ന് ശിക്ഷാനടപടി സ്വീകരിച്ചതും അടുത്തിടെ വിവാദം സൃഷ്ടിച്ചിരുന്നു. പാറാവു നിന്ന ഉദ്യോഗസ്ഥ ശ്രദ്ധാലുവായിരുന്നില്ല എന്നായിരുന്നു അന്ന് ശിക്ഷാ നടപടി സ്വീകരിച്ചതിനെ ന്യായീകരിച്ച് ഐശ്വര്യ ഡോങ്റെ ഐപിഎസ് പറഞ്ഞിരുന്നത്.