യങ്കൂൺ: സൈനീക അട്ടിമറിയെത്തുടർന്ന് മ്യാൻമറിൽ അറസ്റ്റിലായ നേതാവ് ആംഗ് സാൻ സൂചിയെ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കി. വീഡിയോ കോൺഫറൻസിൽ സൂചി ആരോഗ്യവതിയായി തുടരുന്നുണ്ടെന്നും ഹിയറിംഗിനിടെ തന്റെ അഭിഭാഷകരെ കാണാൻ അവസരം തരണമെന്ന് അഭ്യർത്ഥിച്ചതായും സൂചിയുടെ അഭിഭാഷകർ അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഹിയറിംഗ് പ്രതീക്ഷിച്ചത്ര മുന്നോട്ടുപോയില്ലന്നും അഭിഭാഷകർ പറഞ്ഞു.
കഴിഞ്ഞ വർഷം നടത്തിയ തിരഞ്ഞെടുപ്പിൽ ഒരു പ്രചാരണ പരിപാടിയിൽ ആറ് വാക്കി- ടോക്കി അനധികൃതമായി ഇറക്കുമതി ചെയ്തെന്നും തെറ്റായ ആശയവിനിമയം നടത്തിയെന്നും ക്രമസമാധാന ലംഘനത്തിന് പ്രേരിപ്പിച്ചെന്നും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രചാരണ റാലികൾ നടത്തിയതിലൂടെ പ്രകൃതി ദുരന്ത നിയമം ലംഘിച്ചെന്നുമാണ് പ്രധാനമായും സൂചിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ടെലി കമ്യൂണിക്കേഷൻ നിയമപ്രകാരം ലൈസൻസ് ഇല്ലാതെ ഉപകരണങ്ങൾ കൈവശം വച്ചതിന് മറ്റൊരു കുറ്റം കൂടി സൂചിക്കുമേൽ ചുമത്തിയിട്ടുണ്ടെന്ന് അഭിഭാഷകർ പറഞ്ഞു.. എന്നാൽ വാദം ആരംഭിക്കുന്നതിന് മുൻപ് തങ്ങളുടെ കക്ഷിയുമായി സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് സൂചിയുടെ അഭിഭാഷകർ പറഞ്ഞു. സൂചിയുടെ അടുത്ത വാദം കേൾക്കാൻ മാർച്ച് 15ലേക്ക് മാറ്റി.
അതേസമയം, സൂചിയുടെ മോചനത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ അപലപിച്ച് യു..എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ രംഗത്തെത്തി. സ്വന്തം ജനതയ്ക്കെതിരെ സൈന്യം മാരകമായ ബലപ്രയോഗം നടത്തുന്നത് ഭയാനകമാണെന്ന് രാജ്യ വിദേശകാര്യ മന്ത്രി മാർക്ക് ഗാർനിയോ പറഞ്ഞു..
എന്നാൽ സൈനീക അട്ടിമറി നടന്നതുമുതലാണ് മ്യാൻമർ പ്രശ്നത്തിലാകാൻ തുടങ്ങിയത്.. അത് 50 വർഷത്തെ സൈനീക ഭരണത്തിന് ശേഷം ജനാധിപത്യത്തിലേക്കുള്ള രാജ്യത്തിന്റെ താത്ക്കാലിക നടപടികൾ നിറുത്തിവച്ചു. ഇതാണ് മ്യാൻമരിന്റെ തെരുവുകളിലും പട്ടണങ്ങളിലും ലക്ഷക്കണക്കിന് പ്രകടനക്കാരെക്കൊണ്ട് നിറയാൻ കാരണമായത്.. സൂചിയുടെ രണ്ടാമത്തെ അഭിഭാഷകൻ ഖിൻ മൗഗ് സാ പറഞ്ഞു..
ഞങ്ങൾ ഒരിക്കലും ക്ഷമിക്കില്ല
സ്വേച്ഛാധിപതി, ഞങ്ങൾ ലജ്ജിക്കുന്നു, ഒരിക്കലും ഞങ്ങളിത് ക്ഷമിക്കില്ല., സൂചിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ തെരുവിൽ നിരന്ന പ്രതിഷേധക്കാരുടെ വാക്കുകളാണിത്. പ്രകടനക്കാർ സീനിയർ ജനറൽ മിൻ ആംഗ് ഹോലിംഗിന്റെ നൂറുകണക്കിന് ചിത്രങ്ങൾ റോഡിൽ പതിച്ച് പ്രതിഷേധിച്ചു.. നഗരത്തിലുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു..
പ്രതിഷേധക്കാരിൽ പലരും കറുത്ത തൊപ്പികൾ ധരിച്ചാണ് എത്തിയത്.. മുൻനിരയിലുള്ളവർ സുരക്ഷാ സേനയിൽ നിന്ന് സ്വയം രക്ഷിക്കാൻ താത്കാലിക കവചങ്ങളോടെയാണ്പ്രതിഷേധത്തിനെത്തിയത്.