തൊടുപുഴ: ഉടുമ്പൻചോലയിൽ മന്ത്രി എം.എം.മണി വീണ്ടും ജനവിധി തേടും. തിങ്കളാഴ്ച ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഐകകണ്ഠ്യേന മണിയുടെ പേര് ശുപാർശ ചെയ്തത്.
ദേവികുളം മണ്ഡലത്തിൽ നിന്ന് നിലവിലെ എം.എൽ.എ എസ്. രാജേന്ദ്രൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എ. രാജ, ജില്ലാ കമ്മിറ്റിയംഗം ആർ. ഈശ്വരൻ എന്നിവരുടെ പേരുകൾ നൽകി. മൂന്ന് തവണ മത്സരിച്ചതിനാൽ പാർട്ടി തീരുമാനപ്രകാരം ഇത്തവണ അവസരം ലഭിക്കേണ്ടതില്ല. എന്നാൽ, സിറ്റിംഗ് എം.എൽ.എ എന്ന നിലയിലും വിജയ സാദ്ധ്യത പരിഗണിച്ചും പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. പാർട്ടി സംസ്ഥാന നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടേത്. തൊടുപുഴ സീറ്റ് കേരള കോൺഗ്രസ്-എമ്മിന് വിട്ടു നൽകാനാണ് തീരുമാനം. അവർ ഏറ്റെടുത്തില്ലെങ്കിൽ സി.പി.എം മത്സരിക്കും. ജില്ലയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം .