കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള ഒൻപത് പ്രതികളുടെ ജാമ്യഹർജി ഇന്ന് എൻ ഐ എ കോടതി പരിഗണിക്കും. എൻ ഐ എയുടെ കുറ്റപത്രത്തിൽ തങ്ങൾക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ ഒന്നും ഇല്ലെന്നാണ് പ്രതികളുടെ വാദം.
കൂടാതെ കേസിൽ യുഎപിഎ നിലനിൽക്കാൻ പര്യാപ്തമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു. അതേസമയം കേസിൽ അവസാന പട്ടികയിലുള്ള 10 പ്രതികൾക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോൾ ഉള്ള സാഹചര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചതെന്നും, അന്വേഷണം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും എൻ ഐ എ കോടതിയെ അറിയിച്ചിരുന്നു.
2020 ജൂലായ് 12നാണ് സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻ ഐ എ അറസ്റ്റ് ചെയ്തത്. കസ്റ്റംസും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിൽ നേരത്തെ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.