തിരുവനന്തപുരം: വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ മത്സരിക്കണമെന്ന സമ്മർദ്ദം ശക്തമായിരിക്കെ സുരേഷ് ഗോപി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്ന് സൂചന. സിനിമ തിരക്കിലേക്ക് കടന്നതോടെയാണ് താരം മത്സരിക്കാനില്ലെന്ന വിവരം പുറത്തുവരുന്നത്.
ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിലേക്ക് മാർച്ച് അഞ്ച് മുതൽ സുരേഷ് ഗോപി കടന്നേക്കും. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സിനിമയെ ബാധിക്കുമെന്നും ആയതിനാൽ തന്നെ താൻ മത്സര രംഗത്തുണ്ടാകില്ലെന്നും താരം അടുപ്പമുളളവരോട് പറഞ്ഞതായാണ് വിവരം.
പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. അതേസമയം, കേന്ദ്ര നേതൃത്വം സുരേഷ് ഗോപി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാൽ കാര്യങ്ങൾ മാറിമറിയും. തിരുവനന്തപുരവും വട്ടിയൂർക്കാവും ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലങ്ങളാണ്. സുരേഷ് ഗോപി മത്സരിച്ചാൽ സീറ്റ് സ്വന്തമാക്കാമെന്ന മോഹം ബി ജെ പിക്കുണ്ട്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയോ കേന്ദ്ര മന്ത്രി അമിത് ഷായോ സുരേഷ് ഗോപിയോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാൽ അദ്ദേഹം തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങും.
ബി ജെ പിയിൽ ഏറ്റവും വിജയസാദ്ധ്യതയുളള നേതാവ് സുരേഷ് ഗോപിയാണെന്നാണ് പാർട്ടിക്ക് വേണ്ടി സ്വകാര്യ ഏജൻസി നടത്തിയ സർവേയിലെ പ്രധാന കണ്ടെത്തൽ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്നുലക്ഷത്തിലധികം വോട്ട് നേടാൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. അദ്ദേഹം എവിടെ മത്സരിച്ചാലും ബി ജെ പിക്ക് വിജയ സാദ്ധ്യതയുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ.
സുരേഷ് ഗോപിയെ രംഗത്തിറക്കിയാൽ വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങുമെന്ന വിലയിരുത്തൽ ബി ജെ പിക്ക് നേരത്തെ ഉണ്ടായിരുന്നു. മത്സരിക്കാൻ കടുത്ത സമ്മർദ്ദമാണ് സുരേഷ് ഗോപിക്കുളളത്. ഏത് മണ്ഡലം ആവശ്യപ്പെട്ടാലും നൽകാൻ ബി ജെ പി നേതൃത്വം തയ്യാറാണ്.